22
Aug 2022
Sat
22 Aug 2022 Sat

ഹിന്ദുരാഷ്ട്രത്തിനായുള്ള ഭരണഘടനയുടെ കരട് 30 ഹിന്ദു സന്ന്യാസിമാരും മറ്റ് വിദ​ഗ്ധരും ചേർന്ന് തയ്യാറാക്കുന്നു. മുസ് ലിംകളെയും ക്രിസ്ത്യാനികളെയും വോട്ടവകാശത്തിൽ നിന്ന് വിലക്കുന്ന ഭരണഘടനയുടെ ആമുഖം ഹരിദ്വാർ ധരം സൻസദ് സന്ന്യാസി ആനന്ദ് സ്വരൂപ് പുറത്തുവിട്ടു. 2023 മാർച്ചിൽ സം​ഗം ന​ഗരത്തിൽ നടക്കുന്ന പ്രയാ​ഗ് രാജ് ധരം സൻസദ് വേദിയിൽ വച്ച് ഭരണഘടനയുടെ 32 പേജുകളുള്ള കരട് അവതരിപ്പിക്കും. വിദ്യാഭ്യാസം, പ്രതിരോധം, നിയമം, വോട്ട് സംവിധാനം, സംസ്ഥാന അധികാരിയുടെ അവകാശങ്ങൾ മുതലായ കാര്യങ്ങളാണ് ഭരണഘടനയുടെ ആദ്യ കരടിൽ നിർവചിച്ചിരിക്കുന്നത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രാജ്യതലസ്ഥാനം ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് നീക്കുകയെന്നതാണ് കരടിലെ സുപ്രധാന നിർദേശങ്ങളിലൊന്ന്. പാർലമെന്റ് മന്ദിരം ഉത്തർപ്രദേശിലെ കാശിയിലേക്കു മാറ്റണമെന്നും കരടിൽ പറയുന്നു. പാർലമെന്റിനു പകരം 543 അം​ഗങ്ങളുള്ള ധരംസദ് കൊണ്ടുവരണം. നിലവിലെ വിദ്യാഭ്യാസരീതിക്കു പകരം ​ഗുരുകുല സംവിധാനം കൊണ്ടുവരണമെന്നും ഭരണഘടനയിൽ ചൂണ്ടിക്കാട്ടുന്നു.

 

സൈനിക പരിശീലനം എല്ലാവർക്കും നിർബന്ധമാക്കണം. കൃഷി നികുതിമുക്തമാക്കണം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന പ്രമേയം 2022 ഫെബ്രുവരിയിൽ ചേർന്ന പ്രയാ​ഗ് രാജ് ധരം സൻസദിൽ അവതരിപ്പിച്ചിരുന്നുവെന്ന കാര്യവും ഭരണഘടനയുടെ കരടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വിഭജിച്ചുപോയ രാജ്യങ്ങളെ കൂട്ടിച്ചേർക്കുന്ന അഖണ്ഡ് ഭാരത് എന്ന നിർദേശവും ഇതിന്റെ ഭൂപടവും ഇതിൽ ചേർത്തിട്ടുണ്ട്. 

 

ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ജൈനന്മാർക്കുമായിരിക്കും വോട്ടവകാശമുള്ളത്. എല്ലാ മതക്കാർക്കും ഇന്ത്യയിൽ ജീവിക്കുന്നതിനുള്ള സൗകര്യവും സുരക്ഷയും നൽകുമെന്നും ആനന്ദ് സ്വരൂപ് പറയുന്നു. മുസ് ലിംകൾക്കും ക്രിസ്ത്യാനികൾക്കും രാജ്യത്ത് ബിസിനസ് ചെയ്യാവുന്നതാണ്. ഇവർ രാജ്യത്ത് തങ്ങുന്നതിനെ സ്വാ​ഗതം ചെയ്യുന്നു. എന്നാലവർക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും ആനന്ദ് സ്വരൂപ് വ്യക്തമാക്കി. 

 

ശങ്കരാചാര്യ പരിഷദ് അധ്യക്ഷനായ സ്വാമി ആനന്ദ് സ്വരൂപ്, കാമേശ്വർ ഉപാധ്യായ്, സുപ്രിംകോടതി അഭിഭാഷകൻ ബി എൻ റെഡ്ഡി, പ്രതിരോധ വിദ​ഗ്ധൻ ആനന്ദ് വർധൻ, സനാതന ധർമ പണ്ഡിതൻ ചന്ദ്രമണി മിശ്ര. ഡോ. വിദ്യാ സാ​ഗർ തുടങ്ങിയവരാണ് ഹിന്ദുരാഷ്ട്ര ഭരണ​ഘടനയുടെ കരട് തയ്യാറാക്കുന്ന സംഘത്തിലുള്ളത്.