തിരുവല്ലയില്‍ നിന്ന് കാണാതായ 15 കാരി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; 22 കാരന്‍ പിടിയില്‍, പോക്‌സോ കേസെടുക്കും
|
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് കാണാതായ 15 വയസ്സുള്ള ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ നാലരയോടെ വിദ്യാര്‍ഥിനി തിരുവല്ല സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട യുവാവ് പൊലീസ് പിടിയിലായി. പെണ്‍കുട്ടിയെ ഇവിടെ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്നു ബസില്‍ നിന്നാണ് പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശി അതുല്‍ (22) ആണ് പിടിയിലായത്. പിന്നീട് നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയ രണ്ടാമത്തെയാളും അറസ്റ്റിലായി. തൃശ്ശൂര്‍ സ്വദേശി അജിനെ അന്തിക്കാട് നിന്നുമാണ് പിടികൂടിയത്.
പതിനഞ്ചുകാരിയെ കൊണ്ടുപോയവരുടെ ചിത്രങ്ങള്‍ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച പരീക്ഷയ്ക്ക് പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്. സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയത്.
ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന സംശയത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. പിന്നാലെ തിരച്ചില്‍ വ്യാപിപ്പിച്ചതോടെയാണ് പെണ്‍കുട്ടിയെ അതുല്‍ സ്റ്റേഷനില്‍ കൊണ്ടുവന്ന് വിട്ടത്. അതുലിനെ ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാകും കേസെടുക്കുക.


