ദുബായ്: ഏഴു മാസം ആയി ദുബായിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. കൊട്ടാരക്കര അറപ്പുര പുത്തൻവീട് അഖിൽ സുരേഷിനെ (31) യാണ് കണ്ടെത്തിയത്. ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽവെച്ച് ഇന്നലെ ദുബായ് പോലീസ് ആണ് അഖിലിനെ കണ്ടെത്തിയതെന്ന് മാതാപിതാക്കളായ സുരേഷും പ്രസന്നകുമാരിയും പറഞ്ഞു. മകനെ അന്വേഷിച്ചു സുരേഷ് ദിവസങ്ങളോളം യുഎഇയിൽ തങ്ങിയിരുന്നു. അഖിലിനെ തിരിച്ചുകിട്ടിയതിൽ ദുബായ് പോലീസ് അധികൃതരോട് നന്ദി ഉണ്ടെന്ന് സുരേഷ് പറഞ്ഞു.
|
ദുബായിൽ AC മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന യുവാവിനെ കഴിഞ്ഞ ഏപ്രിൽ മുതലാണ് കാണാതായത്. അഖിലിനെ കണ്ടെത്താൻ സുരേഷ് ദുബായ് പോലീസ്, ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിൽ പരാതി സമർപ്പിച്ചിരുന്നു. ദുബായ് പോലീസിന്റെ നിർദേശത്തിൽ കുറ്റാന്വേഷണ വിഭാഗത്തിനും പരാതി നൽകി കാത്തിരിക്കുക ആയിരുന്നൂ.
കൊടിക്കുന്നിൽ സുരേഷ് എംപി അടക്കമുള്ളവരും ഇടപെടാൻ ആവശ്യപ്പെട്ടു.
അഖിൽ ജോലി ചെയ്ത കമ്പനി, താമസസ്ഥലം, അഖിലിന്റെ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും താമസയിടങ്ങൾ എന്നിവിടങ്ങളിലെല്ലാം സുരേഷ് അന്വേഷിച്ചെത്തിയിരുന്നു എങ്കിലും കണ്ടില്ല. മൂന്നുവർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഒരുപ്രാവശ്യം മാത്രമാണ് അഖിൽ നാട്ടിൽ വന്നത്.
ജോലി അന്വേഷിച്ച് പലയിടങ്ങളിലും അലയുകയായിരുന്നെന്നും അജ്മാന് സ്വദേശിയുടെ വീട്ടിൽ ജോലി ലഭിച്ചെന്നും അഖിൽ പറഞ്ഞു. അവിടെ നിന്നാണ് അഖിൽ നാട്ടിലേക്ക് പോകാനുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊതുമാപ്പ് കേന്ദ്രത്തിലെത്തിയത് എന്നാണ് പറയുന്നത്.
അഖിലിനെ പൊതുമാപ്പ് ആനുകൂല്യത്തിന്റെ സഹായത്തിൽ നാട്ടിലെത്തിക്കും.





