29
Jul 2023
Fri
29 Jul 2023 Fri

നൗഷാദിന്റെ മൃതദേഹം കുഴിച്ചിട്ടത് എവിടെ? അഫ്‌സാന വീണ്ടും മൊഴിമാറ്റിയതോടെ കുഴങ്ങി പോലീസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: പരുത്തിപ്പാറയില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം നടത്തിയ ഭാര്യ നിരന്തരം മൊഴി മാറ്റിയതോടെ വെട്ടിലായി പോലീസ്. സുഹൃത്തിന്റെ സഹായത്തോടെ ഭര്‍ത്താവായ നൗഷാദിന്റെ മൃതദേഹം ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയെന്നാണ് പ്രതി അഫ്‌സാന നല്‍കിയ ഒടുവിലത്തെ മൊഴി. തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്ന പശ്ചാത്തലത്തില്‍ നൂറനാട് പണയില്‍ സ്വദേശി അഫ്‌സാനയെ പൊലീസ് നുണ പരിശോധനയ്ക്ക് വിധേയമാക്കും.

ഇവര്‍ താമസിച്ച വാടക വീട്ടില്‍ ഇന്നലെ മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. റിമാന്‍ഡിലുള്ള അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. തെളിവ് നശിപ്പിക്കല്‍, പൊലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അഫ്‌സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയില്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെയാണ് ഭാര്യ അറസ്റ്റിലാകുന്നത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ അഫ്‌സാനയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പരസ്പര വിരുദ്ധമായ മൊഴികളിലൂടെ മണിക്കൂറുകളോളമാണ് അഫ്‌സാന ഇന്നലെ പൊലീസിനെ വട്ടംചുറ്റിച്ചത്. ദൃശ്യം മോഡല്‍ കൊലപാതകം എന്ന് പൊലീസുകാര്‍ പറയുന്നുണ്ടെങ്കിലും ഒരു തുമ്പും കിട്ടാത്ത കേസില്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയാണ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അഫ്‌സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കണ്ടെത്താന്‍ വന്‍ സന്നാഹത്തോടെ പൊലീസ് ഇറങ്ങി. നൗഷാദിനെ കാണാതായെന്ന് പറയപ്പെടുന്ന പറക്കോട് പരുത്തിപ്പാറയിലെ വീട്ടിലും പരിസരത്തും പൊലീസ് പരിശോധന നടത്തി. മൃതദേഹം കണ്ടെത്താനായില്ലെങ്കില്‍ കൊലക്കുറ്റം നിലനില്‍ക്കില്ല.

പള്ളി കബര്‍സ്ഥാനില്‍ മൃതദേഹം ഉണ്ടെന്നാണ് അഫ്‌സാന ആദ്യം പറഞ്ഞത്. പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. വാടക വീടിന്റെ സെപ്റ്റിക് ടാങ്ക് വരെ ഇളക്കി നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല. പിന്നീട് മുറിക്കുള്ളില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടിയെന്നായി അഫ്‌സാന. തറ കുത്തി പൊളിച്ച് പൊലീസ് നോക്കിയപ്പോഴും മൃതദേഹം ഇല്ല. പിന്നീട് അഫ്‌സാന പൊലീസിനെ പറമ്പിലാകെ ഓടിച്ചു. കുഴി എടുത്ത് മടുത്ത പൊലീസ് സംഘം ഒടുവില്‍ പണി മതിയാക്കി. മൃതദേഹം തേടി പൊലീസ് വീടും പരിസരവും അരിച്ചു പെറുക്കുമ്പോള്‍ നാട്ടുകാരും ഒപ്പം കൂടിയിരുന്നു. കാത്തുനിന്ന് മടുത്തവര്‍ സത്യത്തില്‍ നൗഷാദിനെ അഫ്‌സാന കൊലപ്പെടുത്തിയോ? ഇനി നാളെ അയാള്‍ ജീവനോടെ തിരികെ വരുമോ എന്ന് വരെ ചോദിച്ചു തുടങ്ങിയതോടെയാണ് പോലീസ് ശാസ്ത്രീയ പരിശോധനക്കിറങ്ങിയത്.

നിരന്തരം മൊഴി മാറ്റുന്ന പശ്ചാത്തലത്തില്‍ അഫ്‌സാന മാനസിക വെല്ലുവിളി നേരിടുന്നുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഇവര്‍ അഭിനയിക്കുകയാണോ എന്ന സംശയവും പൊലീസിന് ഉണ്ട്.