29
Sep 2023
Fri
29 Sep 2023 Fri

റിയല്‍ എസ്‌റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരു മാസം; അന്വേഷണത്തിന് IBയും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ബാലുശ്ശേരിയിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരു മാസം തികയുമ്പോഴും തിരോധാനത്തില്‍ തുമ്പായില്ല. എരമംഗലം സ്വദേശിയായ ആട്ടൂര്‍ മുഹമ്മദ് എന്ന മാമിക്കയെയാണ് (56) കഴിഞ്ഞ ഒരു മാസമായി കാണാനില്ലാത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. അതേസമയം, കേരള പോലീസ് അന്വേഷിച്ചിട്ട് തുമ്പ് കണ്ടെത്താന്‍ കഴിയാത്ത സാഹര്യത്തില്‍ വിഷയത്തില്‍ ഐ.ബി ഇടപെട്ടു. ഐ.ബി കേരള പോലീസുമായി ബന്ധപ്പെടുകയും കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കഴിഞ്ഞ 20 ദിവസമായി ഈ കേസിന്റെ പിന്നിലുണ്ട്. പലരുമായും മുഹമ്മദ് കോടികളുടെ ബിസിനസ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ബന്ധുക്കളുടെയും മുഹമ്മദുമായി പണമിടപാട് നടത്തിയവരുടെയും അടക്കം 150 തോളം പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. കേരളത്തിന് പുറത്തേക്ക് മുഹമ്മദ് യാത്ര ചെയ്യാന്‍ സാധ്യതയുള്ള കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പല ഓഫിസുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാന താവളങ്ങളില്‍ മുന്നറിയിപ്പും നല്‍കി. പണമിടപാടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യമായി വരും.

അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തിരോധാന കേസില്‍ ഒരു മാസം പിന്നിട്ടിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മുഹമ്മദിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി നടത്തിയ യോഗത്തില്‍ കേസില്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു.

ഓഗസ്റ്റ് 21ന് വൈകിട്ടാണ് മുഹമ്മദിനെ കാണാതായത്. ഏറെ കാലമായി നഗരത്തിലെ ഫ്‌ലാറ്റിലാണ് മുഹമ്മദ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന അരയിടത്തുപാലത്തെ സിഡി ടവറിന് സമീപമാണ് അവസാനമായി മുഹമ്മദിനെ കണ്ടത്. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത കാരണം ഒളിവില്‍ കഴിയുകയോ അല്ലെങ്കില്‍ മറ്റാരെങ്കിലും ഒളിവില്‍ പാര്‍പ്പിക്കുകയോ ചെയ്തതാകാമെന്ന വിലയിരുത്തലിലാണ് പൊലീസ്.