മിസോറം: രൂപീകരിച്ച് ആറാം വര്‍ഷം അധികാരത്തിലേറി; ഇസഡ്.പി.എം തരംഗത്തില്‍ തോറ്റ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും
|
ഐസ്വാള്‍: മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി. പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് (ഇസഡ്പി.എം) മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചു. 40 അംഗ നിയമസഭയില്‍ 27 സീറ്റിലാണ് സെഡ്പിഎം മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ എംഎന്‍എഫ് 10 ല്‍ താഴെ സീറ്റിലേക്ക് ചുരുക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേട്ടം ഒന്നിലൊതുങ്ങി. ബിജെപിക്ക് രണ്ടും സീറ്റും ലഭിച്ചു.
എംഎന്‍എഫിന് തിരിച്ചടിയായി മുഖ്യമന്ത്രി സോറം താങ്കയും ഉപമുഖ്യമന്ത്രി തോന്‍ലുവയും പരാജയപ്പെട്ടു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലോല്‍സോട്ടയും തോറ്റവരില്‍പ്പെടുന്നു.
ഇസെഡ്പിഎം തലവനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ലാല്‍ഡുഹോമ സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. മിസോറാമില്‍ സെഡ്പിഎം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ലാല്‍ഡുഹോമ പറഞ്ഞു. മുന്‍ ഐപിഎസ് ഓഫീസറാണ് ലാല്‍ഡുഹോമ. ആറുപാര്‍ട്ടികളുടെ സഖ്യമായ സെഡ്പിഎം 27 സീറ്റുകളിലാണ് മത്സരിച്ചത്.
കഴിഞ്ഞ തവണ എംഎന്‍എഫ് 27 സീറ്റിലും ഇസഡ്പിഎം 8 സീറ്റിലും കോണ്‍ഗ്രസ് നാലിലും ബിജെപി ഒന്നിലുമാണ് ജയിച്ചത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമൂദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍നിന്ന് തിങ്കളാഴ്ചയിലേക്കു മാറ്റിയത്.





