23
Dec 2024
Mon
23 Dec 2024 Mon
Uma thomas MLA

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. (MLA Uma Thomas’ health condition improving; head injury not serious)  തലയ്ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയറില്‍ നടത്തിയ സ്‌കാനിങില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എംഎല്‍എുടെ വൈറ്റല്‍സ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിലേറ്റ സാരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരും.

വിശദമായി നടത്തിയ സ്‌കാനിങില്‍ നട്ടെല്ലിന്റെ മുകള്‍ ഭാഗത്ത് പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷം ആവശ്യമെങ്കില്‍ ചികിത്സാ നടപടികള്‍ കൈക്കൊള്ളുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഉമാ തോമസിന്റെ ശ്വാസകോശത്തിലെ ചതവ് ഗൗരവമുള്ളതാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തം ശ്വാസകോശത്തില്‍ കെട്ടിയ അവസ്ഥയാണുള്ളത്. ശ്വാസകോശത്തിലെ അണുബാധ മാറാനുള്ള ആന്റിബയോട്ടിക് നല്‍കുന്നുണ്ട്.

ഇന്നലെ വൈകിട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്.

സംഘാടകര്‍ക്ക് ഗുരുതര വീഴ്ച്ച

ഉമാ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരിക്കിനിടയായ സംഭവത്തിൽ സ്റ്റേജ് നിർമിച്ചത് അനുമിതിയില്ലാതെയെന്ന് ജിസിഡിഎ അധികൃതർ. സ്റ്റേജ് നിർമാണത്തിന്റെ വിവരങ്ങൾ നൽകിയിരുന്നില്ല. ഐഎസ്എൽ മത്സരങ്ങൾക്ക് സ്റ്റേജ് വിട്ടു നൽകുമ്പോൾ ഉണ്ടായിരുന്ന നിബന്ധനകൾ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചതെന്നും അധികൃതർ പറഞ്ഞു. സ്റ്റേജ് നിർമിച്ച സംഘാടകർക്ക് ഗുരുതര വീഴ്ച് സംഭവിച്ചെന്ന് ഫയർ ഫോഴ്സ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പ്രധാന അതിഥികൾക്ക് ഇരിക്കാനും മ്യൂസിക് ബാൻഡിനുമായി രണ്ട് സ്റ്റേജുകളാണ് പരിപാടിക്കായി നിർമിച്ചത്. രണ്ടര മീറ്റർ മാത്രം വീതിയുള്ള സ്റ്റേജിലാണ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് ഇരിക്കാനായി സൗകര്യം ഒരുക്കിയത്. ഇതിൽ രണ്ട് നിരയിൽ കസേരകളും ഇട്ടിരുന്നു. രണ്ടിഞ്ച് മാത്രമായിരുന്നു നടക്കാനായി നൽകിയിരുന്നത്. ഇതിലൂടെ നടക്കുന്നതിനിടെയായിരുന്നു എംഎൽഎ കാൽവഴുതി താഴേയ്ക്ക് വീണത്.