കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ വിട്ടുനല്‍കും. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട മകള്‍ ആശ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണിത്. ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതശരീരം വൈദ്യപഠനത്തിനായി വിട്ടു നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് മകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
|
രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ ലോറന്‍സ് മകന്‍ സജീവനോട് പറഞ്ഞിരുന്നു. ഈ മൊഴി ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് മകളുടെ ആവശ്യം തള്ളിയത്. സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെയാണ് അവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഡിവിഷന്‍ ബെഞ്ചും തള്ളിയതോടെ ഇനി സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് ആശ ഇപ്പോള്‍ അറിയിച്ചത്.
സെപ്റ്റംബര്‍ 21 നാണ് ലോറന്‍സ് മരിച്ചത്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കണം എന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹം. അദ്ദേഹം ഇത് എഴുതിവയ്ക്കുകയുംചെയ്തു. എന്നാല്‍ മരണത്തിന് പിന്നാലെ ഇക്കാര്യം ആശ എതിര്‍ത്തതോടെ നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നല്‍കിയതിനെതിരെ ആശ കോടതിയെ സമീപിച്ചിരുന്നു.
പാര്‍ട്ടിയും മകനും ചേര്‍ന്ന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുകയായിരുന്നുവെന്നും പെണ്‍മക്കളായ തങ്ങളോട് ഇക്കാര്യം ആലോചിട്ടില്ലെന്നും ആശയും മറ്റൊരു മകള്‍ സുജാതയും ആരോപിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിയാക്കിയത്. ഏറെക്കാലമായി പാര്‍ട്ടിയുമായും ലോറന്‍സുമായും അകന്നുകഴിയുകയായിരുന്ന ആശ, സംഘ്പരിവാര്‍ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. ലോറന്‍സിന്റെ ഭാര്യ മതവിശ്വാസിയാണ്. ലോറന്‍സും മതങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. അതിനാല്‍ ലോറന്‍സിന്റെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്നും പെണ്‍മക്കള്‍ ആവശ്യപ്പെട്ടിരുന്നു.
MM Lawrence’s body is for medical studies High Court rejects daughters’ petition


