രാഹുലിന് ആശ്വാസം: സൂറത്ത് കോടതി വിധിക്ക് സ്റ്റേ, എംപി സ്ഥാനം തിരികെ കിട്ടും
|
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിമര്‍ശനത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങുകയും എംപി സ്ഥാനം തിരികെ കിട്ടുകയും ചെയ്യും. വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
വിചാരണക്കോടതിയുടെ ഉത്തരവിനെ കോടതി വിമര്‍ശിച്ചു. ഹര്‍ജിക്കാരന്റേത് മാത്രമല്ല, തിരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തെയും കീഴ്‌ക്കോടതി വിധി ബാധിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിക്കുന്നത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു രാഹുല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് പരാതിക്കാരന്‍.





