കൊച്ചി: തീവ്ര ക്രൈസ്തവ സംഘടനയായ കാസയുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ച കേസില്‍ പ്രസിഡണ്ട് കെവിന്‍ പീറ്ററിനും ജോയിന്റ് സെക്രട്ടറി ആന്റണി ജെന്‍സനുമെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. (Money was withdrawn from CASA’s account using a forged signature; Chargesheet filed ) കാസ സെക്രട്ടറി ജോമര്‍ കെ. ജോസിന്റെ വ്യാജ ഒപ്പിട്ടാണ് ഒന്നര ലക്ഷം രൂപ പിന്‍വലിച്ചത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
|
കാസയുടെ കൊച്ചി തേവരയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് കെവിന്‍ പീറ്ററും ആന്റണി ജെന്‍സനും ചേര്‍ന്ന് പണം തട്ടിയത്. കാസയുടെ ട്രഷറര്‍ ജോമര്‍ കെ. ജോസാണ് പരാതിക്കാരന്‍. സംഘടനയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ചെക്ക് ലീഫില്‍ ഒപ്പിടേണ്ടതുണ്ട്.
2021 ജനുവരി 9 മുതല്‍ ജൂണ് 22 വരെയുള്ള തിയതികളില്‍ 10 ചെക്കുകളാണ് മാറിയിട്ടുള്ളത്. 1,52,500 രൂപയാണ് ഈ ചെക്കുകള്‍ ഉപയോഗിച്ച് പിന്‍വലിച്ചത്.
ഇത്രയും തുകയ്ക്കുള്ള ചെക്കുകളില്‍ ട്രഷറര്‍ ജോമറിന്റെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് ടൗണ് സൗത്ത് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വിശ്വാസ വഞ്ചന, വ്യാജരേഖ നിര്‍മിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോമറിന്റെ പരാതിയെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. പ്രതികളായ കെവിന്‍ പീറ്ററും ആന്റണി ജെന്‍സനും നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.


