തൃശ്ശൂർ: സദാചാര കൊലപാതകത്തിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായതോടെയാണ് പോലീസിന്റെ നടപടി. ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത്, വിഷ്ണു, ഡിനോൺ, അമീർ, അരുൺ, രാഹുൽ, അഭിലാഷ്, ഗിഞ്ചു എന്നിവരുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ്. വിദേശത്തേക്ക് കടന്ന മുഖ്യപ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് ആരംഭച്ചു. മിക്ക പ്രതികളും സംഘ്പരിവാർ പ്രവർത്തകരാണ്.
|
കഴിഞ്ഞമാസം 18നാണ് വനിത സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറായ സഹറിനെ എട്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. മർദ്ദനത്തിൽ സഹറിന്റെ വൃക്കകൾ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് സഹർ മരിച്ചത്.
17 ദിവസമാണ് സഹർ തൃശൂരിലെ സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജിൽ കിടന്നത്. ഫെബ്രുവരി 21 ന് ചേർപ്പ് പോലീസിന് പരാതി ലഭിച്ചതിന് പിന്നാലെ മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തന്നെ ഉണ്ടാവുകയും ചെയ്തിരുന്നു. അതേസമയം പ്രതികളെ രക്ഷിക്കാൻ ചേർപ്പ് പൊലീസ് സഹായിച്ചുവെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.





