മലപ്പുറം: ക്ഷണിച്ചുവരുത്തിയ ദുരന്തമാണ് താനൂരിലുണ്ടായത്. പരിധിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചും അനുവദിക്കപ്പെട്ട സമയം കഴിഞ്ഞും നടത്തിയ ബോട്ട് സർവീസാണ് അപകടത്തിലേക്ക് വഴിമാറിയത്. ഇതുവരെ 20 പേർക്കാണ് ജീവൻ നഷ്ടമായത്. വൈകീട്ട് ഏഴോടെ താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.
|
20 പേർക്ക് കയറാവുന്ന ബോട്ടിൽ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയത്. 35-40 യാത്രികരെയാണ് ബോട്ടിൽ കയറ്റിയത്. അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ള എല്ലാവരേയും കയറ്റുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. മരിച്ചവരിൽ കൂടുതൽ പേരും കുട്ടികളാണ്.
പലർക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. പുറത്തെടുത്തവരെ താനൂരും തിരൂരും കോട്ടയ്ക്കലും അടക്കം ജില്ലയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഏഴു പേരെ രക്ഷപെടുത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളത്തിനടിയിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. തല കീഴായി മറിഞ്ഞ ബോട്ട് പൂർണമായും മുങ്ങിയതാണ് അപകടം വർധിപ്പിച്ചത്. ഒഴുക്കില്ലാത്തിനാൽ കൂടുതൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഒഴുക്കുണ്ടായിരുന്നെങ്കിൽ മറിഞ്ഞ ബോട്ട് കടലിലേക്ക് ഒഴുകിയേനെ.
അവധി ദിവസമായതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനം നടന്നത്. തുടർന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളുമടക്കമുളളവരെത്തി. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിങ്കാര ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്.





