ചെന്നൈയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 1.2 കോടി രൂപയുടെ കുഴൽപണം പൊലീസ് പിടികൂടി. കട്ടപ്പന പുളിയൻമല പാതയിൽ ഹിൽടോപ്പിൽ നടത്തിയ വാഹന പരിശോധനയിലാണ് പൊലീസ് വാഹനവും ഇതിലുണ്ടായിരുന്ന രണ്ടുപേരെയും പിടികൂടിയത്.
|
മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി പ്രതീഷ് (40), മൂവാറ്റുപുഴ സ്വദേശി ഷബീര്‍ (57) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മൂവാറ്റുപുഴ സ്വദേശിയായ നൗഷാദ് എന്നയാള്‍ക്ക് കൈമാറുവാനായി കൊണ്ടുവന്നതാണ് പണമെന്ന് ഇവർ മൊഴി നൽകി. രഹസ്യ വിവരത്തെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്മോന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.
ടയോട്ട എത്തിയോസ് കാറിലായിരുന്നു പണം കടത്തിക്കൊണ്ടുവന്നത്. വാഹനം പിടികൂടിയെങ്കിലും പ്രാഥമിക പരിശോധനയിൽ പണം കണ്ടെത്താനായില്ല. തുടർന്ന് കാർ വർക് ഷോപ്പിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ അടിയിൽ പ്രത്യേക അറ കണ്ടെത്തിയത്. ഇതിനുള്ളിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. 500, 2000 കെട്ടുകളായാണ് പണം കൊണ്ടുവന്നത്.



