|
നവാഡ: വര്‍ഷങ്ങളോളം വെളളത്തിനടിയിലാണ്ട് കിടന്ന മുസ്‌ലിംപളളി ഉയര്‍ന്നുവന്നത് കൗതുകമായി. പളളി കാണാനായി ദൂരെദിക്കില്‍ നിന്നുപോലും ആള്‍ക്കൂട്ട പ്രവാഹമാണ്. ബിഹാറിലെ നവാഡ ജില്ലയിലാണ് ഈ കൗതുകം. മൂന്നു പതിറ്റാണ്ടായി വെളളത്തിലടിയിലായിരുന്ന മസ്ജിദാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
30 വര്‍ഷം മുമ്പ് പുല്‍വാരിയ ഡാം നിര്‍മിച്ചപ്പോള്‍ ഈ മസ്ജിദ് വെളളത്തിനടിയിലാവുകയായിരുന്നു. ഇപ്പോള്‍ ബിഹാറിലെ ഈ മേഖലയില്‍ വരള്‍ച്ച ബാധിച്ചതിനാല്‍ ഡാം റിസര്‍വോയറിലെ വെളളം പൂര്‍ണമായും വറ്റി. അതോടെ മസ്ജിദ് ദൃശ്യമാവുകയായിരുന്നു. നവാഡ ജില്ലയിലെ രജൗലി ബ്ലോക്കില്‍പെട്ട ചിരാലിയ ഗ്രാമത്തിലാണ് വെളളത്തില്‍ നിന്നും ഉയര്‍ന്ന മസ്ജിദ് പൊതുജനങ്ങള്‍ക്ക് വിസ്മയമായത്.
1985ലാണ് പുല്‍വാരിയ ഡാം നിര്‍മിച്ചത്. പളളിയുടെ പേര് നൂരി മസ്ജിദ് എന്നാണെന്ന് പഴയ ആളുകള്‍ ഓര്‍ത്ത് പറയുന്നു. യുവജനങ്ങള്‍ പളളിയുടെ അരികില്‍ കൂടിയിരിക്കുകയാണ്. ഇവർ മസ്ജിദ് കെട്ടിടത്തിലെ മണ്ണും ചെളിയും മാറ്റി മുകള്‍തട്ടിലേക്ക് ആവേശത്തോടെ കയറുന്നു. 30 വര്‍ഷം വെളളത്തിനടിയിലായിരുന്നിട്ടും കേടുപാടുകള്‍ ഇല്ലെന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്.

മുമ്പ് റിസര്‍വോയറിലെ ജലനിരപ്പ് താഴുമ്പോള്‍ മിനാരത്തിന്റെ ചെറിയ ഭാഗം മാത്രം പൊങ്ങിനില്‍ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതെന്താണെന്നതിനെ കുറിച്ച് ആര്‍ക്കും വലിയ ധാരണ ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ വരള്‍ച്ച മൂലം ജലം പൂര്‍ണമായും വറ്റിയതിനാല്‍ മസ്ജിദ് കെട്ടിടം വ്യക്തമായി കാണാനും അതിന്റെ അകത്ത് പ്രവേശിക്കാനും സാധിക്കും. പളളിയുടെ മുകളിലെ മിനാരത്തിന് 30 അടി ഉയരമാണുളളത്.
പുല്‍വാരിയ ഡാം നിര്‍മിക്കുന്നതിന്റെ പ്രാരംഭ പണികള്‍ തുടങ്ങിയത് 1979ലാണ്. ഇവിടെ അക്കാലത്ത് ധാരാളമാളുകൾ ജീവിച്ചിരുന്നു. ഡാം നിര്‍മാണത്തിന്റെ ഭാഗമായി അവരെ കുടിയൊഴിപ്പിക്കുകയായിരുന്നു. രജൗലി ബ്ലോക്കിലെ ഹര്‍ദിയ ഗ്രാമത്തിലേക്കാണ് ഇവിടത്തുകാരെ മാറ്റി പാര്‍പ്പിച്ചത്.
എന്നാല്‍, ഡാം നിര്‍മാണം തുടങ്ങിയപ്പോള്‍ പളളി പൊളിക്കാതെ അങ്ങനെ തന്നെ നിലനിർത്തുകയായിരുന്നു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരിക്കണം ഈ പളളി ഉണ്ടാക്കിയതെന്നാണ് ആളുകള്‍ വിലയിരുത്തുന്നത്. ഏകദേശം 120 വര്‍ഷം പഴക്കം വരും പളളിക്കെന്നും ആളുകള്‍ അന്വേഷിച്ച് കണ്ടെത്തിയിരിക്കുന്നു. മൂഗള്‍ മാതൃകയിലാണ് പളളിയുടെ മിനാരം നിര്‍മിച്ചിരിക്കുന്നത്.



