30
Sep 2023
Tue
30 Sep 2023 Tue

ആധാറിന്റെ വിശ്വാസ്യതയില്‍ സംശയം രേഖപ്പെടുത്തി ‘മൂഡിസ്’; അത് ഇന്ത്യയിലെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥക്ക് യോജിച്ചതല്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ഇന്ത്യയുടെ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാര്‍ ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് അന്താരാഷ്ട്ര റേറ്റിങ് എജന്‍സിയായ മൂഡിസ്. ഇന്ത്യയിലെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ ബയോമെട്രിക് സാങ്കേതികവിദ്യ ശരിയായി പ്രവര്‍ത്തിക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് സേവനം നിഷേധിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട്‌ചെയ്യാനുള്ള കാരണം ഇതാണെന്നും മൂഡീസ് ചൂണ്ടിക്കാട്ടി. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യത നൂറ് ശതമാനം കൃത്യമല്ലെന്നും സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മുന്‍ നിര്‍ത്തി മൂഡിസ് വ്യക്തമാക്കി.

ഇന്ത്യയിലെ സവിശേഷമായ കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന ആളുകളുടെ ബയോമെട്രിക് വിവരങ്ങളില്‍ പിഴവ് വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍, പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ സംയോജിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങള്‍ വിപുലീകരിക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പലപ്പോഴും സേവനങ്ങള്‍ അര്‍ഹരായ അടിസ്ഥാന വിഭാഗക്കാര്‍ക്ക് നിഷേധിക്കാന്‍ കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്‍മാര്‍ക്ക് തടസമില്ലാതെ ലഭിക്കുന്നതിന് ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടതുണ്ട്. സംവിധാനത്തില്‍ പാളിച്ചകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്- മൂഡിസ് പറയുന്നു.
ബയോമെട്രിക് സംവിധാനത്തിലെ പിഴവ് മൂലം റേഷന്‍ വാങ്ങാന്‍ പോലും കഴിയാതെ വന്ന അനുഭവങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ദേശീയ തലത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി തുടര്‍ച്ചയായ അഞ്ചാം തവണയും നീട്ടിയിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 31 വരെയായിരുന്നു നീട്ടിയത്. ഇതിന്റെ പിന്നാലെയാണ് മൂഡിസിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

എന്നാല്‍, മൂഡിയുടെ റിപ്പോര്‍ട്ട് തള്ളിയ കേന്ദ്രസര്‍ക്കാര്‍, ആധാര്‍ ഏറ്റവും വിശ്വസനീയമായ തിരിച്ചറിയല്‍ രേഖയാണെന്ന് പ്രതികരിച്ചു.