ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം താങ്ങാനാവാതെ മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ 25കാരി ജീവനൊടുക്കി. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയില്‍ ഈ മാസം 21നാണ് സംഭവം. ഹനുമവ്വ ഗുമ്മാഗരിയാണ് ഭര്‍തൃവീട്ടുകാരുടെ ശാരീരിക, മാനസിക പീഡനം താങ്ങാനാവാതെ തൂങ്ങിമരിച്ചത്.
|
നാലുവര്‍ഷത്തിനിടെ ഹനുമവ്വ മൂന്നുതവണ ഗര്‍ഭിണിയാവുകയും മൂന്ന് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ആണ്‍കുട്ടി ജനിക്കാത്തതില്‍ യുവതിയുടെ ഭര്‍ത്താവ് ഗണേഷും മാതാപിതാക്കളും അതൃപ്തരായിരുന്നു. ഇതേച്ചൊല്ലി ഇവര്‍ ഹനുമവ്വയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് രണ്ടാമത്തെ മകള്‍ ജനിച്ചതോടെയാണ് മകള്‍ക്ക് നേരെ പീഡനം തുടങ്ങിയതെന്ന് ഹനുമവ്വയുടെ അച്ഛന്‍ ബാസ്സപ്പ കോറി പറഞ്ഞു.
മദ്യപിച്ചെത്തുന്ന ഗണേശ് പലപ്പോഴും മകളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മകന്‍ ജനിക്കാത്തതിനാല്‍ ഹനുമവ്വയോട് ജീവനൊടുക്കാനും ഗണേഷ് ആവശ്യപ്പെടുമായിരുന്നു. ശാരീരിക, മാനസിക പീഡനം താങ്ങാനാവാതെ വന്നതോടെയാണ് മകള്‍ ജീവനൊടുക്കിയതെന്നും അച്ഛന്‍ ചൂണ്ടിക്കാട്ടി. നാലുവയസ്സും മൂന്നു വയസ്സും നാലുമാസവും ആണ് ഹനുമവ്വയുടെ മക്കളുടെ പ്രായം. ഗണേശ്, ഇയാളുടെ അമ്മ യല്ലവ്വ, മറ്റ് നാല് പേര്‍ എന്നിവരെ ഹനുമവ്വയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


