പാലക്കാട്: വാളയാറില്‍ നാലു വയസുകാരനെ അമ്മ കിണറ്റിലേക്കിട്ടു. എന്നാല്‍ മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചുനിന്ന് കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ വാളയാര്‍ മംഗലത്താന്‍ചള്ള പാമ്പാംപള്ളം സ്വദേശിനി ശ്വേതയെ (22) അറസ്റ്റ്‌ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ട് സമീപത്ത് നിര്‍മാണം നടക്കുന്ന വീട്ടിലെ ജോലിക്കാര്‍ ഓടിയെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇലക്ട്രിസിറ്റി ജോലികള്‍ ചെയ്യുകയായിരുന്ന സജിയാണ് ആദ്യം ഓടിയെത്തിയത്. പിന്നാലെ നിര്‍മാണപ്രവൃത്തി ചെയ്യുകയായിരുന്ന മൂന്നു തൊഴിലാളികളും എത്തി കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു.
|
25 അടി താഴ്ചയുണ്ടായിരുന്ന കിണറ്റില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. എന്നാല്‍ കിണറിലുണ്ടായിരുന്ന മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചുനിന്ന് കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മകന്‍ തനിയെ വീണതാണെന്ന് ശ്വേത പറഞ്ഞെങ്കിലും നാട്ടുകാരും പോലീസും വിശ്വസിച്ചില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശ്വേതക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയാണ് കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് കുഞ്ഞ് മൊഴിനല്കുകയുംചെയ്തു.
തമിഴ്‌നാട് സ്വദേശിനിയായ ശ്വേത മംഗലത്താന്‍ചള്ളയിലെ വാടകവീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ഒരു മാസം മുന്‍പാണ് ഇവര്‍ ഇവിടെയ്ക്ക് വരുന്നത്. ശ്വേതയുടെ അമ്മ വല്ലപ്പോഴും മാത്രമെ വീട്ടില്‍ വരാറുള്ളൂ. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ശ്വേത പലപ്പോഴും കുഞ്ഞിനെ വീട്ടിനുള്ളിലാക്കിയാണ് ജോലിക്കായി പുറത്തുപോകാറുള്ളത്. കുഞ്ഞിനെ ശ്വേത പലപ്പോഴും ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അയല്‍വാസികള്‍ പൊലിസിനോട് പറഞ്ഞു.
സംഭവം അറിഞ്ഞു അശ്വേതയുടെ ഭര്‍ത്താവെത്തി കുട്ടിയെ കൊണ്ടു പോയി. വധശ്രമത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത ശേഷം ഇവരെ മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലിസ് അറിയിച്ചു.
Mother throws four-year-old into well; miraculously survives by holding onto motor pipe


