കോഴിക്കോട്: മുസ്‍ലിംകളെ സാംസ്‌കാരികമായി തകർക്കാൻ സിപിഎമ്മിന് മലപ്പുറത്തും കരുവാരക്കുണ്ടും പൊന്നാനിയിലുമൊക്കെ ഏജന്റുമാരുമുണ്ടെന്ന് എംഎസ്എഫ് വനിതാ നേതാവ് അഡ്വ. കെ തൊഹാനി. വോട്ട് കിട്ടാനുള്ള വാചകക്കസർത്തുകളല്ലാതെ ഒരു ആത്മാർഥതയും മുസ്‍ലിം പ്രശ്‌നത്തിൽ സിപ.എമ്മിനില്ലെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയും ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റുമായ തൊഹാനി വിമർശിച്ചു. പൊന്നാനി കേന്ദ്രീകരിച്ച് തോമസ് ഐസകിന്റെ കാർമികത്വത്തിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ മുസ്‍ലിം സ്ത്രീകളുടെ തട്ടമൂരിക്കാനുള്ള ആ ഗൂഢ അജണ്ടയുടെ ഭാഗമാണെന്നും തൊഹാനി ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
|
സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനിൽകുമാറിന്റെ വിവാദ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു തൊഹാനി. ‘മുസ്‍ലിംകളെ സാംസ്‌കാരികമായി തകർക്കുക എന്ന വിപുലമായ അജണ്ടയാണ് സിപിഎം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കാംപസിലെ അരാജകത്വ പ്രചാരണം എസ്എഫ്ഐ ഏറ്റെടുത്തത് ഈ അജണ്ട കൂടി ലക്ഷ്യമിട്ടാണ്. മുസ്‍ലിം പെൺകുട്ടികളുടെ തട്ടം പറിച്ചെറിയിക്കാൻ മാത്രമല്ല, പി കെ സൈനബ, കെ എസ് സലീഖ, സുബൈദ ഇസ്ഹാഖ് മാതൃകയിൽ മാപ്ലാവുകളെ സൃഷ്ടിക്കാനാണ് പരിശ്രമം. സിപിഎം അകമേ പേറുന്ന ബ്രാഹ്മണിക് ബോധം തന്നെയാണ് അതിന് കാരണം’- തൊഹാനി ആരോപിച്ചു.
പൊന്നാനി കേന്ദ്രീകരിച്ച് തോമസ് ഐസകിന്റെ കാർമികത്വത്തിൽ ഒരു പരിപാടി കുറച്ച് കാലമായി നടക്കുന്നുണ്ട്. താത്തമാർ ചുടുന്ന അപ്പങ്ങളുടെ പ്രദർശനമാണെന്നൊക്കെ പുറത്ത് പറഞ്ഞുള്ള ഫുഡ് ഫെസ്റ്റിവലൊക്കെയാണ് നടത്തുന്നത്. മുസ്‍ലിം സ്ത്രീകളെ സമുദായത്തിന് പുറത്തെത്തിച്ചു സംഘടിപ്പിക്കുകയും സാംസ്‌കാരികമായി തട്ടമൂരിക്കുകയും ചെയ്യുക എന്ന ഗൂഢ അജണ്ടയുടെ പ്രയോഗവത്കരണമാണത്. കേരളത്തിന്റെ തീരദേശത്ത് ഇതിനകം തന്നെ സിപിഎം സാംസ്‌കാരികമായി വന്ധ്യംകരിച്ച അനേകായിരം മാപ്ല സഖാക്കളുണ്ട്. വിശ്വാസികളായ മുസ്‍ലിംകളെ കളിയാക്കുന്ന, അപഹസിക്കുന്ന അനേകം മാപ്ല സഖാക്കൾ ജോലിക്ക് പോകാതെ നമ്മുടെ നാട്ടിൻപുറത്ത് കഴിയുന്നുണ്ട്. അതിനെ സാംസ്‌കാരികമായി തന്നെ ചെറുക്കേണ്ടതുണ്ടെന്നും അഡ്വ. തൊഹാനി ആവശ്യപ്പെട്ടു.
തൊഹാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്





