22
Jul 2023
Sat
22 Jul 2023 Sat

കോഴിക്കോട്: മലയാളത്തിന്റെ അതുല്യ പ്രതിഭയായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 90ാം പിറന്നാള്‍. ജീവിതാനുഭവങ്ങളെ മനസ്സിന്റെ ഉലയില്‍ ഊതിക്കാച്ചി നിരവധി അനശ്വരമായ ക്ലാസിക് സൃഷ്ടികള്‍ക്ക് പിറവിനല്‍കിയ അനുഗ്രഹീതനായ പ്രതിഭയായ എംടിയെ കുറിച്ച് എത്ര എഴുതിയാലും അപൂര്‍ണമാണ്. എംടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ ഒരു കാലത്തെ മുഴുവന്‍ അക്ഷരങ്ങളിലൂടെ പകര്‍ന്നെഴുതിയ നിളയുടെ കഥാകാരനാണ്. തൊണ്ണൂറാം പിറന്നാള്‍ ദിനത്തില്‍ സാംസ്‌കാരിക കേരളം എംടിക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1933 ജൂലൈ 15ന് പുന്നയൂര്‍ക്കുളത്തെ ടി.നാരായണന്‍ നായരുടെയും അമ്മാളുവമ്മയുടെയും മകനായാണ് ജനനം. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു എം.ടിയുടെ ബാല്യകാലം. എംടിയുടെ അച്ഛന്‍ ജോലി സംബന്ധമായി ശ്രീലങ്കയിലായിരുന്നു(സിലോണ്‍). അവിടെ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. സിലോണില്‍ നിന്നും മടങ്ങി വരുന്ന അച്ഛന്‍ ഒരു പെണ്‍കുട്ടിയെ കൊണ്ട് വരുന്ന കഥ നിന്റെ ഓര്‍മ്മയ്ക്ക് എന്ന കൃതിയില്‍ എംടി വരച്ചിട്ടിട്ടുണ്ട്.

കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എം.ടി പാലക്കാട് വിക്ടോറിയ കോളേജില്‍ ഉപരിപഠനം നടത്തി. ഐച്ഛിക വിഷയമായി എടുത്തത് രസതന്ത്രമായിരുന്നെങ്കിലും, പില്‍ക്കാലത്ത് എഴുത്തിന്റെ വഴികളിലേക്ക് തിരിയുകയായിരുന്നു എം.ടി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്‌ക്കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തു. അതിനിട തളിപ്പറമ്പില്‍ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങള്‍ മാത്രമാണ് ജോലി ചെയ്തത്. പിന്നീട് മാതൃഭൂമിയിലായിരുന്നു ഏറെക്കാലവും എംടി ജോലി ചെയ്തത്.

സ്‌കൂള്‍പഠനകാലം മുതല്‍ക്കേ എം.ടി എഴുതിത്തുടങ്ങി. കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയില്‍ കഥകള്‍ അച്ചടിച്ച് വന്നിരുന്നു. വിക്‌റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ‘

‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

1963ല്‍ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി സിനിമയിലേക്കും ചുവടുവെച്ചു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള എംടിക്ക് സിനിമയില്‍ ലഭിച്ചത് നാല് ദേശീയ പുരസ്‌ക്കാരങ്ങളാണ്. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയപുരസ്‌കാരം ലഭിച്ചു.

അദ്ദേഹത്തിന്റെ കൃതികളായ ‘കാലം'(1970കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), ‘രണ്ടാമൂഴം’ (1985വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്) എന്നിവയ്ക്കും സുപ്രധാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു.

എഴുത്തുകാരന്‍ എന്നതില്‍ ഉപരി ഒരു ബഹുമുഖ പ്രതിഭയാണ് എംടി. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത്, സാംസ്‌കാരിക നായകന്‍ എന്നീ നിലകളില്‍ എംടി വ്യക്തിമുദ്ര പതിപ്പിച്ചു. മലയാള സാഹിത്യത്തിലും മലയാള സിനിമയിലും എം.ടി നല്‍കിയ സംഭാവനകള്‍ അതുല്യവും അമൂല്യവുമാണ്. കൂടാതെ അധ്യാപകനായും പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തിലും സിനിമയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാഷ്ട്രം പത്മഭൂഷണ്‍, ജ്ഞാനപീഠം എന്നിവയുള്‍പ്പെടെ തിളക്കമേറിയ നിരവധി പുരസ്‌ക്കാരങ്ങള്‍ നല്‍കി എം.ടിയെ ആദരിച്ചിട്ടുണ്ട്.