|
കോഴിക്കോട്: ലക്ഷദ്വീപ് ജനതയെ ചവിട്ടിമെതിക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍. കോഴിക്കോട്ട് എന്‍.സി.പി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരേ നീങ്ങാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ പ്രേരിപ്പിക്കുന്ന ഘടകം ലക്ഷദ്വീപ് ജനതയെ ക്രൂശിക്കുന്ന നിലപാടിനെ എതിര്‍ക്കേണ്ടി വന്നതാണ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്നതാണ് ബി. ജെ.പിയുടെ ലക്ഷ്യം. താല്‍ക്കാലികമായി അഡ്മിനിസ്‌ട്രേറ്റര്‍ വച്ചു നീട്ടുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റി ലക്ഷദ്വീപിനെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചാല്‍ വരുംകാലത്ത് വലിയ ആപത്ത് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഹമ്മദ് ഫൈസലിന്റെ മോചനം ജയില്‍ അധികൃതര്‍ വൈകിപ്പിച്ചെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ആരോപിച്ചു. കോടതി ഉത്തരവ് ലഭിച്ചിട്ടും ഫൈസലിന്റെ മോചനം ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നു. ആരെയോ പ്രീതിപ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. വൈകിട്ട് ഉത്തരവ് ലഭിച്ചിട്ടും രാത്രി 9നാണ് ജയിലില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ 26നാണ് ജയില്‍ മോചിതനായത്. ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തതോടെയാണ് മോചനം സാധ്യമായത്. ശിക്ഷാവിധിയും കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. ലക്ഷദ്വീപില്‍ നിന്നുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ കണ്ണൂരിലെത്തിയിരുന്നു.



