കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിവാദത്തിന്റെയും സമസ്തയുമായുള്ള അഭിപ്രായ ഭിന്നതകളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ നടന്നത് രൂക്ഷമായ വാദപ്രതിവാദങ്ങള്‍. (Munambam issu: Kunhalikkutty vs KM Shaji in muslim league state committee meeting)
|
പാര്‍ട്ടി ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയും തമ്മിലാണ് കടുത്ത ഏറ്റുമുട്ടലുണ്ടായത്. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ളവരാണ് സമസ്തയിലെ ശജറകളുടെ പിന്നിലെന്നും യോഗ വിവരങ്ങള്‍ ചോര്‍ത്തുന്നത് കുഞ്ഞാലിക്കുട്ടിയുടെ സെക്രട്ടറി ആദിലാണെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഷാജി ഉയര്‍ത്തി. യോഗത്തിനിടെ സമവായം സൃഷ്ടിക്കാന്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പല തവണ എഴുന്നേറ്റ് ഇടപെടേണ്ടി വന്നു.
മുനമ്പം വഖഫ് ഭൂമിയാണോ അല്ലേ എന്ന കാര്യത്തില്‍ ലീഗ് നേതാക്കള്‍ക്കിടയില്‍ ശക്തമായ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ചര്‍ച്ച. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മീഡിയ വണ്‍ ചാനലാണ് പുറത്തുവിട്ടത്.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ മുഹമ്മദ് ഷായുടെ നിലപാടിനെ ഷാജി രൂക്ഷമായി വിമര്‍ശിച്ചു. മുനമ്പത്തെ ഭൂമി വഖഫല്ല എന്ന നിലപാടെടുക്കാന്‍ അഡ്വ. മുഹമ്മദ് ഷാ ആരാണ്? കുഞ്ഞാലിക്കുട്ടിയുടെ ബലത്തിലാണ് ഷാ ഇതെല്ലാം ചെയ്യുന്നത്. മുനമ്പത്തെ റിസോര്‍ട്ട് മാഫിയയ്ക്കു വണ്ടിയാണ് ഈ നിലപാടെന്ന് ആരോപണമുണ്ട്. ഷായെ പാര്‍ട്ടി നിയന്ത്രിക്കണം. അയാളെ കയറൂരി വിടരുത്. ഈ ജാതി വക്കീലന്മാരെ വെച്ച് കളിക്കരുത്. ഇവരൊക്കെ ആദ്യം സമുദായ രാഷ്ട്രീയം പഠിക്കണമെന്നും ഷാജി വിമര്‍ശിച്ചു.
അഡ്വ. ഷായാണ് മുനമ്പം ഭൂമി വഖഫല്ലെന്ന് ആദ്യം പറഞ്ഞത്. അപ്പോള്‍ ആര്‍ക്കും പ്രശ്നമില്ല. ഞാന്‍ പ്രസംഗിച്ചതാണ് ചിലര്‍ക്ക് പ്രശ്നം. അവിടത്തെ സാധുക്കള്‍ക്ക് ഭൂമി കൊടുക്കുന്നതിന് ആരും എതിരല്ല. വിശ്വാസപരമായി തന്നെ അവര്‍ക്ക് ഭൂമി കൊടുക്കേണ്ടതാണ്. അതിന്റെ മറവില്‍ കേരളത്തിലെ മറ്റു വഖഫ് ഭൂമികളില്‍ കൈവെക്കാന്‍ അനുവദിക്കില്ല. സമുദായത്തെ വഞ്ചിക്കാന്‍ കൂട്ടുനില്‍ക്കാനാവില്ലെന്നും ഷാജി പറഞ്ഞു.
അതിനിടെ, കൈയില്‍ ഏതാനും പേപ്പറുകളുമായി അഡ്വ. മുഹമ്മദ് ഷാ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും പി.കെ കുഞ്ഞാലിക്കുട്ടി ഷായോട് ഇരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് ഷാജിയും അഡ്വ. ഷായും തമ്മിലുള്ള തര്‍ക്കത്തിനിടെ ‘മുനമ്പത്തേത് വഖഫ് ഭൂമിയല്ല. വ്യവസ്ഥ വെച്ച് വഖഫ് ചെയ്താല്‍ അത് വഖഫ് ആകുകയില്ലെന്നായി മണ്ണാര്‍ക്കാട് എം.എല്‍.എ കൂടിയായ അഡ്വ. എന്‍ ഷംസുദ്ദീന്റെ വാദം.

‘എവിടെയെങ്കിലും വഖഫ് എന്ന പരാമര്‍ശമുണ്ടെങ്കില്‍ അത് വഖഫ് തന്നെയാണ്. വ്യവസ്ഥയുള്ളതുകൊണ്ട് അത് വഖഫ് അല്ലാതാകുന്ന സ്ഥിതിയില്ലെന്ന്’ കെ.എം ഷാജി മറുപടി പറഞ്ഞപ്പോള്‍ ‘മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന്’ പാറക്കല്‍ അബ്ദുല്ല പ്രതികരിച്ചു.
അതോടെ, അത് വഖഫല്ല എന്ന് ഈ ഡോറിനു പുറത്ത് വാദിക്കാന്‍ രണ്ടു പേര്‍ക്കും ധൈര്യമുണ്ടോ എന്ന് ഷാജി വെല്ലുവിളിച്ചു. ഇതിന്, ഇവിടെയാണ് ചര്‍ച്ച, അല്ലാതെ ഡോറിന് പുറത്തല്ലെന്നായിരുന്നു എന്‍ ഷംസുദ്ദീന്റെ മറുപടി.
തുടര്‍ന്ന്, ഡോറിന് പുറത്ത് സമുദായത്തെ വഞ്ചിക്കാന്‍ എന്നെ കിട്ടില്ലെന്നും ഏതോ പൊട്ട വക്കീലാണ് പ്രതിപക്ഷ നേതാവിനെ അത് വഖഫല്ല എന്ന് പഠിപ്പിച്ചതെന്നും ഷാജി വ്യക്തമാക്കി. വഖഫാണ് എന്ന് പറഞ്ഞ ഷാജി കുറ്റക്കാരനും വഖഫല്ല എന്ന് പറഞ്ഞ സതീശന് നല്ലയാളുമാകുന്നത് എങ്ങനെയാണ്? സതീശനെ നിങ്ങളാരും ഒന്നും പറയുന്നില്ലെന്നും ഷാജി പറഞ്ഞതോടെ പാര്‍ട്ടി ദേശീയ ട്രഷററും എം.പിയുമായ പി.വി അബ്ദുല്‍ വഹാബ് ഇടപെട്ടു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് പറയാനേ പറ്റില്ലെന്നായിരുന്നു വഹാബിന്റെ നിലപാട്. ഇതിനെ പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ഡോ. എം.കെ മുനീറും പിന്തുണച്ചു. തുടര്‍ന്ന് ഷാജിയും വഹാബും പറഞ്ഞതിനെ ശരിവെച്ച് മുന്‍ ജനറല്‍സെക്രട്ടറി കൂടിയായ കെ.പി.എ മജീദ് രംഗത്തെത്തി.
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണ്. മറിച്ച് പറയുന്നത് അംഗീകരിക്കാവതല്ലെന്ന് കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി. വഖഫ് തന്നെയാണ്, ചില നിബന്ധനകളോടെയും വഖഫ് ചെയ്യാവുന്നതാണെന്നായിരുന്നു സമസ്ത നേതാവ് കൂടിയായ അബ്ദുറഹ്മാന് കല്ലായിയുടെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍ അത് വഖഫ് തന്നെയാണെന്നും അല്ലെന്ന് പറയുന്നത് വലിയ അബദ്ധമുണ്ടാക്കുമെന്നും കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന് തങ്ങളും ചൂണ്ടിക്കാട്ടി.
അതിനിടെ, ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായപ്പോള്‍, കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് പാറക്കല്‍ അബ്ദുല്ലയും അബ്ദുറഹ്മാന് രണ്ടത്താണിയും ഉമര്‍ പാണ്ടികശാലയും എന്‍ ഷംസുദ്ദീനും രംഗത്തെത്തി. പാണക്കാട് സാദിഖലി തങ്ങള്‍ ഒരു നിലപാട് പ്രഖ്യാപിച്ചതാണെന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കലാണ് നമ്മുടെ ബാധ്യതയെന്നും ഉമര്‍ പാണ്ടികശാല പറഞ്ഞു.
ഇതോടെ, മുനമ്പത്തെ കൈയേറ്റക്കാരായ റിസോര്‍ട്ടുകാരെയും ഹോട്ടലുകാരെയും ചില ലീഗ് നേതാക്കള്‍ തന്നെ പിന്തുണക്കുകയാണെന്ന് പി.എം സാദിഖലി കുറ്റപ്പെടുത്തി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് സാദിഖലി തങ്ങളോ കുഞ്ഞാലിക്കുട്ടിയോ പറഞ്ഞിട്ടില്ല. എന്നാല്‍, വഖഫ് ഭൂമിയല്ലെന്നാണ് അഡ്വ. മുഹമ്മദ് ഷാ പറയുന്നത്. ലീഗിന്റെ നിയമപണ്ഡിതന് പറയുന്നത് കേള്‍ക്കൂ എന്ന രീതിയിലാണ് ക്രിസ്ത്യന്‍ വാട്സാപ് ഗ്രൂപ്പുകളില്‍ ഇത് പ്രചരിക്കുന്നത്. അത് പറയാന്‍ ഷാക്ക് ആരാണ് അധികാരം കൊടുത്തത്? വഖഫ് ആണെന്നും അല്ലെന്നും പറയേണ്ട കാര്യമില്ലെന്നും പി.എം സാദിഖലി അഭിപ്രായപ്പെട്ടു.
തങ്ങളൊരു കാര്യം പറഞ്ഞാല്‍ അതിന് മുകളില്‍ ഒന്നില്ല. സാദിഖലി തങ്ങളെ അംഗീകരിക്കലാണ് ലീഗ് പാരമ്പര്യമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതോടെ, വീണ്ടും പി.എം സാദിഖലി എണീറ്റു.
‘സാദിഖലി തങ്ങള്‍ പറഞ്ഞതിന് മുകളില്‍ ആരും ഒന്നും പറഞ്ഞിട്ടില്ല. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നൊരു നിലപാട് പാര്‍ട്ടിയോ സമുദായമോ എടുത്തിട്ടില്ല. എന്നിട്ടും അത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന് ആവര്‍ത്തിച്ചുപറയുന്നു. ലീഗ് സമുദായത്തിന് മുകളിലല്ല. സമുദായത്തിന് മുകളില്‍ ഒരു ഒത്തുതീര്‍പ്പും പറ്റില്ല. ക്ലെയിം ആദ്യം നിലനിര്‍ത്തണം. എന്നിട്ട് ഏത് ചര്‍ച്ച വേണമെങ്കിലും നടത്തിക്കോളൂ എന്നും പി.എം സാദിഖലി അഭിപ്രായപ്പെട്ടു.
അപ്പോള്‍ കെ.ടി ജലീലും കെ.എസ് ഹംസയും ഇതുപോലെയൊക്കെ പറഞ്ഞാണ് പാര്‍ട്ടിക്ക് പുറത്തുപോയതെന്നായി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇതോടെ ഷാജി ക്ഷുഭിതനായി. കെ.ടി ജലീലിനെയും കെ.എസ് ഹംസയെയും ഒതുക്കിയതുപോലെ എന്നെ ശരിയാക്കാമെന്ന് കരുതേണ്ട. അകത്തുനിന്നുതന്നെ ഫൈറ്റ് ചെയ്യും. ജീവനുള്ള അവസാന നിമിഷം വരെയും പൊരുതുമെന്നും ഷാജി തുറന്നടിച്ചു.
ഇതിനിടെ, ഇവിടെ നടന്ന ചര്‍ച്ചകള്‍ പുറത്തുപോകരുതെന്ന് കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചപ്പോള്‍, പാര്‍ട്ടിക്കുള്ളിലെ രഹസ്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നത് നിങ്ങളുടെ സ്റ്റാഫാണെന്ന് ഷാജി തുറന്നടിച്ചു. അതോടെ, സ്റ്റാഫിനെ ഇവിടേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും ആദില്‍ എന്റെ സെക്രട്ടറിയാണെന്നും തോന്നിയതെല്ലാം വിളിച്ചുപറയരുതെന്നുമായി കുഞ്ഞാലിക്കുട്ടിയുടെ ഓര്‍മപ്പെടുത്തല്‍. ആരുടെ സെക്രട്ടറിയാണെങ്കിലും ശരി, സ്റ്റാഫാണ് മാധ്യമങ്ങള്‍ക്ക് വിവരങ്ങളൊക്കെ ചോര്‍ത്തിക്കൊടുക്കുന്നതെന്ന് ഷാജി വീണ്ടും വ്യക്തമാക്കി. തര്‍ക്കം മൂത്തതോടെ സാദിഖലി തങ്ങള്‍ രണ്ടുതവണ എണീറ്റ് ഇടപെട്ടു.
സമസ്തയിലെ ശജറകളുടെ പിന്നില്‍ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരുണ്ട്. സാദിഖലി തങ്ങളുടെ മേല്‍ വെറുതെ സമ്മര്‍ദമുണ്ടാക്കുകയാണ് കുഞ്ഞാലിക്കുട്ടി. അതിന് മാത്രം വലിയ പ്രശ്നങ്ങളൊന്നും സമസ്തക്കും ലീഗിനുമിടയിലില്ല. കോഴിക്കോട് ലീഗ് ഓഫീസിനു മുന്നില്‍ സാദിഖലി തങ്ങള്‍ക്കെതിരെ പോസ്റ്ററൊട്ടിച്ചതിന് പിന്നില്‍ ആരാണെന്ന് എനിക്കറിയാമെന്നും ഷാജി പറഞ്ഞതോടെ കെ.പി.എ മജീദ് വീണ്ടും സംസാരിക്കാന്‍ എണീറ്റു.
കുറേകാലമായി പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ കൂടിയാലോചനകളൊന്നും നടക്കുന്നില്ല. അതാണ് പ്രശ്നങ്ങളുടെ കാരണം. ഉത്തരവാദപ്പെട്ടവര്‍ കൂടിയാലോചനയ്ക്കു തയ്യാറായാലേ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ, മജീദ് പറഞ്ഞത് ശരിയാണ്. ഇനി എല്ലാവരുമായും ചര്‍ച്ച ചെയ്തു മുന്നോട്ട്പോകണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തുടര്‍ന്ന് യോഗ അധ്യക്ഷനായ സാദിഖലി തങ്ങള്‍ സമവായവുമായി എഴുന്നേറ്റു. നല്ലൊരു ലക്ഷ്യത്തോടെയാണ് നമ്മള് നീങ്ങുന്നതെന്നും ആ പരിശ്രമം വൃഥാവിലാകുന്ന വിവാദങ്ങളുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഷാജിയെ പോലുള്ള നേതാക്കള്‍ പാര്‍ട്ടിക്ക് ആവശ്യമുണ്ട്. പക്ഷേ, ഇതുപോലെ വിവാദങ്ങളുണ്ടാകരുത്. നേതാക്കന്മാര് കൂടിയാലോചന നടത്താത്തതാണ് പ്രശ്നമെന്ന് മജീദും ഷാജിയും പറഞ്ഞത് ശരിയാണെന്നും തങ്ങള്‍ പറഞ്ഞു. എന്നാല്‍, വലിയ ബഹളത്തിനിടയിലും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം മൗനം പാലിച്ചതും ശ്രദ്ധേയമായി.


