29
Aug 2022
Fri
29 Aug 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ ഉടുമ്പന്നൂർ മങ്കുഴിയിലെ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപോർട്ടിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുണ്ടായത്. ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നും വ്യക്തമായി. കുഞ്ഞിന്റെ അമ്മയ്ക്കെതിരേ കൊലപാതക കുറ്റത്തിന് കേസെടുത്തു. 

 

രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന യുവതിയെ ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് തൃശുർ കൊരട്ടി സ്വദേശിയായ 28കാരി ഭർത്താവിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്നത്. പരിശോധനയിൽ പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമെന്ന് മനസിലായതോടെ കുഞ്ഞെവിടെയെന്ന് അധികൃതർ അന്വേഷിച്ചു. 

 

 

യുവതി മറുപടി നൽകാതിരുന്നതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മങ്കുഴിയിലെ വീട്ടിലെ കുളിമുറിയിലെ ബക്കറ്റിൽ കുട്ടിയുടെ മൃതദേഹമുണ്ടെന്ന് മറുപടി നൽകിയത്. പ്രസവിച്ചപ്പോൾ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരുന്നത്. 
അതേ സമയം ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ഭർത്താവ് പൊലീസിനെ അറിയിച്ചത്. മറ്റൊരാൾക്കൊപ്പം പോയ യുവതി അടുത്തിടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.

 

അതേസമയം, അയൽ വാസികളും യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല. ഗർഭിണിയാണെന്ന വിവരം ഇവർ മറച്ച് വച്ചിരുന്നുവെന്നാണ് നാട്ടുകാർ അറിയിച്ചത്. സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാൽ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാൻ പോലും യുവതി തയ്യാറായില്ലെന്നും പ്രദേശവാസികൾ മൊഴി നൽകിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക