29
Apr 2023
Fri
29 Apr 2023 Fri

കോഴിക്കോട്: ഐസ്‌ക്രീം കഴിച്ച് ഛർദിയുണ്ടായതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു അറസ്റ്റിൽ. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സംശയം പറഞ്ഞിരുന്നു. വിഷം കലർത്തിയ ഐസ്‌ക്രീമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സഹോദരനുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് താഹിറ പൊലീസിനോട് സമ്മതിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12)യാണ് ഐസ് ക്രീം കഴിച്ച് ഛർദിയെ തുടർന്ന് മരിച്ചത്. ഞായറാഴ്ചയാണ് അരിക്കുളത്തെ കടയിൽനിന്ന് ഐസ്‌ക്രീം കഴിച്ചത്. ഐസ്‌ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. ഉമ്മയും രണ്ടു മക്കളും വീട്ടിലില്ലാതിരുന്നതിനാൽ അവർ രക്ഷപ്പെട്ടു.

തുടർന്ന് ഛർദിയുണ്ടായതിനാൽ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടി. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകാതെ മരിച്ചു.

സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയത്.

ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തെ തുടർന്ന് കട താൽക്കാലികമായി അടച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാംപിളുകൾ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. നിരവധി പേരിൽനിന്നു പൊലീസ് മൊഴിയെടുത്തു. റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. കറപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈഎസ് പി.ആർ.ഹരിപ്രസാദ്, പൊലീസ് ഇൻസ്‌പെക്ടർ കെ.സി.സുബാഷ് ബാബു, എസ്‌ഐ വി.അനീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.