ദുബൈ: ഇസ്രായേലി ജൂത പുരോഹിതനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ച് അബൂദബി ഫെഡറല്‍ കോടതി. (Murder of Israeli citizen; Three sentenced to death in UAE) നാലാം പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ചു. മൊള്‍ഡോവന്‍-ഇസ്രായേലി പൗരനായ സിവി കോഗന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉസ്‌ബെക്ക് പൗരന്മാരായ ഒളിംപി തോഹിറോവിച്ച്(28), മഹ്‌മൂദ് ജോണ്‍ അബ്ദുല്‍ റഹീം(28), അസീസ്‌ബെക്ക് കാമിലോവിച്ച്(33) എന്നിവര്‍ക്കാണ് ശിക്ഷ.
|
കഴിഞ്ഞ വര്‍ഷം നംബര്‍ 21നാണ് കോഗനെ കാണാതായതായി കുടുംബം അറിയിച്ചത്. മൂന്ന് ദിവസത്തിന് ശേഷം നവംബര്‍ 23ന് കോഗന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുര്‍ക്കിയിലേക്ക് കടന്ന പ്രതികളെ തുര്‍ക്കിഷ് ഇന്റലിജന്‍സിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് പിടികൂടിയത്. യുഎഇ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം പ്രതികളെ കൈമാറുകയായിരുന്നു.
കേസില്‍ അതിവേഗം വിചാരണ നടത്തിയാണ് ഷിക്ഷ വിധിച്ചത്. പ്രതികളുടെ കുറ്റസമ്മത മൊഴിക്ക് പുറമേ ഫോറന്‍സിക്, ഓട്ടോപ്‌സി റിപോര്‍ട്ടുകള്‍, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍, സാക്ഷി മൊഴികള്‍ എന്നിവ സ്‌റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
തട്ടിക്കൊണ്ടുപോകലും കൊലപാതകവും നടത്തിയ മൂന്ന് പ്രതികള്‍ക്കെതിരേ കോടതി ഐകകണ്‌ഠ്യേനയാണ് വധശിക്ഷ വിധിച്ചത്. ഇവര്‍ക്ക് സഹായം നല്‍കിയ നാലാം പ്രതിക്ക് ജീവപര്യന്തം തടവും ശേഷം നാട് കടത്തലിനും വിധിച്ചു.

Zvi Kogan
28കാരന്‍ കോഗന്‍ ഒരു തീവ്രയാഥാസ്ഥിതിക ജൂത പുരോഹിതനായിരുന്നു. ദുബയില്‍ ഒരു കോഷര്‍ ഗ്രോസറി സ്‌റ്റോര്‍ നടത്തിവരികയായിരുന്ന അദ്ദേഹം കടുത്ത യാഥാസ്ഥിതികരായ ഛബാദ് ലുബാവിച്ച് മൂവ്‌മെന്റിന്റെ പ്രതിനിധി കൂടിയായിരുന്നു.
എന്തിനാണ് കോഗനെ കൊലപ്പെടുത്തിയതെന്നോ എങ്ങിനെയാണ് തട്ടിക്കൊണ്ടുപോയതെന്നോ യുഎഇ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഗസയില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം കടുക്കുന്നതിനിടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നെങ്കിലും ഇറാന്‍ നിഷേധിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





