കൊച്ചി: ആസിഫ് അലിയിൽ നിന്ന് പുരസ്കാരം വാങ്ങാൻ വിസമ്മതിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. തുടർന്ന് സംവിധായകൻ ജയരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തി രമേശ് നാരായണൻ പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങൾ’ ട്രെയിലർ റിലീസിനിടെയായിരുന്നു സംഭവം.
|
പുരസ്കാരം കൈമാറാനായി ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ അതൃപ്തിയോടെ രമേശ് നാരായണൻ പുരസ്കാരം വാങ്ങിയെന്നു വരുത്തുകയും ആസിഫിന് ഹസ്തദാനം ചെയ്യാനോ മുഖത്തുനോക്കാനോ തയ്യാറാവാതിരിക്കുകയും ചെയ്തു. ഇതോടെ ആസിഫ് സീറ്റിലേക്ക് മടങ്ങി. ഇതിനു പിന്നാലെ രമേശ് നാരായണൻ സംവിധായകൻ ജയരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തുകയും പുരസ്കാരം വീണ്ടും സ്വീകരിച്ചു ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജനെ ആലിംഗനം ചെയ്ത് രമേശ് സന്തോഷം പങ്കിടുകയും ചെയ്തു.
അതേസമയം ആസിഫിനെ അപമാനിക്കുന്ന രമേശ് നാരായണൻ്റെ പ്രവൃത്തിയെ ഇവിടെയുണ്ടായിരുന്ന മറ്റ് അഭിനേതാക്കളാരും ചോദ്യംചെയ്യുകയോ ഇതിനെതിരേ പ്രതികരിക്കുകയോ ചെയ്തില്ല. എന്നാൽ ചിരി മാറാതെ തന്നെ ആസിഫ് താൻ നേരിട്ട അപമാനത്തെ കൈകാര്യം ചെയ്തു എന്നതും ശ്രദ്ധേയമായി. സംഭവത്തിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രമേശ് നാരായണൻ്റെ പ്രവൃത്തിക്കെതിരേ കടുത്ത വിമർശനമുയർന്നു.
അതേസമയം വിവാദമുയർന്നതോടെ പ്രതികരണവുമായി രമേശ് രാരായണൻ രംഗത്തുവന്നു. ജയരാജൻ്റെ കൈയിൽ നിന്ന് പുരസ്കാരം വാങ്ങണമെന്നായിരുന്നു തൻ്റെ ആഗ്രഹമെന്നും ഇതിനാൽ അദ്ദേഹത്തെ കൂടി വേദിയിലേക്കു വിളിക്കുകയായിരുന്നുവെന്നും എന്നാൽ ഈ സമയം ആസിഫിനെ കാണാതാവുകയായിരുന്നുവെന്നും രമേശ് നാരായണൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ആസിഫിനോട് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





