Music director SP Venkatesh passed away പ്രശസ്ത സംഗീത സംവിധായകന്‍ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈയിലെ ആലപ്പാക്കത്ത് നടക്കും.
|
1960-കളുടെ അവസാനത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ ഓര്‍ക്കസ്ട്രയുടെ ഭാഗമായാണ് അദ്ദേഹം തന്റെ സംഗീത ജീവിതം ആരംഭിച്ചത്. 1981-ല്‍ പുറത്തിറങ്ങിയ ‘പ്രേമ യുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
80-കളിലും 90-കളിലും മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരില്‍ ഒരാളായിരുന്നു അദ്ദേഹം. ഡെന്നിസ് ജോസഫ്, തമ്പി കണ്ണന്താനം, ജോഷി എന്നിവരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
പ്രധാന സിനിമകള്‍
സംഗീതം നല്‍കിയ ചിത്രങ്ങള്‍: രാജാവിന്റെ മകന്‍, കിലുക്കം, ജോണി വാക്കര്‍, ധ്രുവം, വാത്സല്യം, കാബൂളിവാല, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിംഗ്, സ്ഫടികം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പശ്ചാത്തല സംഗീതം: നമ്പര്‍ 20 മദ്രാസ് മെയില്‍, ദേവാസുരം, ചന്ദ്രലേഖ, വാഴുന്നോര്‍, കാക്കക്കുയില്‍, റണ്‍വേ എന്നീ ഐക്കോണിക് ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചതും അദ്ദേഹമാണ്.
അംഗീകാരങ്ങള്‍
1993-ല്‍ ‘പൈതൃകം’, ‘ജനം’ എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അദ്ദേഹം കരസ്ഥമാക്കി.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷാ ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലോകാവസാനം വരെ എസ്പി വെങ്കിടേഷിന്റെ പാട്ടുകള്‍ മലയാളികള്‍ പാടുമെന്നാണ് ?ഗായകന്‍ എംജി ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘ഒരുപാട് ഓര്‍മകളും, അങ്ങയുടെ വേര്‍പാടില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുഃഖവും. എത്രായിരം പാട്ടുകള്‍ അങ്ങ് മലയാള സിനിമയ്ക്ക് നല്‍കി. എല്ലാം സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍. അതില്‍ എത്രയോ പാട്ടുകള്‍ പാടാന്‍ എനിക്കും സാധിച്ചു. അത് എന്റെ ജന്മ പുണ്യമായി കരുതുന്നു. അങ്ങയുടെ പാട്ടുകള്‍ ഈ ലോകാവസാനം വരെ മലയാളികള്‍ ഏറ്റൂ പാടും. കണ്ണീരോടെ വിട പറയുന്നു. ആദരാഞ്ജലികള്‍,’.


