എ എം യാസർ
|
ഭ്രൂണഹത്യക്ക് മതവിധി തേടുകയാണ് കർണാടകത്തിലെ മുസ് ലിംഗ്രാമമായ അലിപുര. കർണാടകയിലെ ഗൗരിബിദനൂര് താലൂഖിലെ ഒരു സമ്പന്ന ഗ്രാമമാണ് അലിപുര. അലിപ്പൂർ എന്ന് ഉർദുവിൽ വിളിക്കുന്ന ഈ ഗ്രാമത്തിൽ 95 ശതമാനവും മുസ് ലിംകളാണ്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 25000 ആണ് അലിപുരയിലെ ജനസംഖ്യ. ആർക്കും ഒരു നേരവും പട്ടിണി ആകേണ്ടതില്ലാത്ത വിധം പൊതു അടുക്കളയിൽ നിന്നും ഭക്ഷണം നിരന്തരം നൽകികൊണ്ടിരിക്കുന്ന ഈ ഗ്രാമത്തിൽ ഡസനിലേറെ ശതകോടീശ്വരന്മാരുണ്ട്.
മറ്റ് അയൽ ഗ്രാമങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസവും ജീവിതനിലവാരവും വളരെ ഉയരെയാണ് അലിപുരയിലേത്. എന്നിട്ടും മനസ്സില്ലാമനസ്സോടെ ഭ്രൂണഹത്യക്ക് മതവിധി തേടുകയാണ് ഈ ഗ്രാമവാസികൾ!. ഇവിടെ പിറക്കുന്ന കുഞ്ഞുങ്ങളിൽ വലിയ ഒരു ശതമാനവും വിവിധതരത്തിലുളള ഭിന്നശേഷിക്കാരാണെന്നതാണ് ഗ്രാമീണരുടെ തീരാദുരിതം.
ഗ്രാമത്തിൽ പത്തിൽ താഴെ ശതമാനം മാത്രമാണ് ഇതരമതവിഭാഗമുളളത്. ഭിന്നശേഷിക്കാർ ജനിക്കുന്നത് കൂടുതലും മുസ് ലിം കുടുംബങ്ങളിലാണ്. സാമുദായികമായ താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കൾക്കിയിൽ ഭിന്നശേഷിക്കാർ ഇല്ലെന്ന് തന്നെ പറയാം. സന്നദ്ധപ്രവർത്തകർ ന്യൂസ് ടാഗ് ലൈവിന് നൽകിയ കണക്ക് പ്രകാരം ഈ ഗ്രാമത്തിൽ നിലവിൽ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തവരുടെ എണ്ണം 150ൽ കൂടുതൽ ആണ്. ഫിസിക്കലി ചലഞ്ചിങ് -65 ൽ കൂടുതൽ ഉണ്ട്. മെന്റലീ റിട്ടാർഡഡ് 45ൽ കൂടുതൽ വരും. ഏറെ ആശ്വാസകരമായത് അന്ധരായി ജനിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നതാണ്. കാഴ്ചശേഷിയില്ലാത്തവർ 13 പേരാണുള്ളത്.
എന്തുകൊണ്ടാണ് ഇത്രയും പേർ ഭിന്നശേഷിക്കാരായെന്ന ന്യൂസ് ടാഗ് അന്വേഷണത്തിന് സന്നദ്ധപ്രവവർത്തകനും ഭിന്നശേഷിക്കാരുടെ സംഘാടകനും അദ്ധ്യാപകനുമായ മിർ ഫാസിൽ നൽകിയ മറുപടി: ” നിലവിൽ 25000 ജനസംഖ്യയുളള ഈ ഗ്രാമം അനുഭവിക്കുന്ന ഒരേയൊരു സങ്കടം ആനുപാതികമല്ലാത്തവിധം ഇവിടെ ഭിന്നശേഷിക്കാർ ജനിക്കുന്നുവെന്നതാണ്. അതിന്റെ കാരണങ്ങൾ തേടി ഞങ്ങൾ പല വിദഗ്ധരേയും കണ്ടു. സാധാരണയായി, പാരമ്പര്യം, പരിസ്ഥിതി കാരണങ്ങളാണ് ഭിന്നശേഷിക്കാർ ജനിക്കുന്നതിനു ശാസ്ത്രീയമായ കാരണങ്ങളായി പറയാറുളളത്. പരിസ്ഥിതി പ്രശ്നം ആണ് ഇവിടെത്തെ കാരണമെങ്കിൽ ഇതരസമുദായങ്ങളിലും വലിയ തോതിൽ ഭിന്നശേഷിക്കാർ ഉണ്ടാകണമല്ലോ? ഇത്തരം ആലോചനകൾക്ക് ശേഷമാണ് ഞങ്ങൾ രക്തസാംപിൾ എടുത്ത് പരിശോധിച്ചത്. അത് ഞെട്ടിക്കുന്ന ഒരു കണ്ടത്തലിലേക്കാണ് നയിച്ചത്.” ഫാസിൽ ന്യൂസ് ടാഗിനോട് പങ്കുവച്ചു.
അലിപ്പൂരിലെ മുസ് ലിംകളിൽ 98 ശതമാനവും പ്രവാചക കുടുംബത്തിൽ പെട്ടവരാണ്. സയ്യിദ് -നബി കുടുംബപരമ്പരയിൽ പെട്ടവരാണ് 1489 മുതൽ 1686 വരെ ബീജാപൂർ സുൽത്താനായിരുന്ന ആദിൽ ഷായുടെ നിർദേശത്തെ തുടർന്ന് ഇവിടെ പാർപ്പുറപ്പിച്ച് ജീവിതം ആരംഭിച്ചത്. വംശപരമ്പര കലർപ്പില്ലാതെ നിലനിർത്താനായി ഇവർ വിവാഹം ബന്ധം രക്തബന്ധത്തിൽ നിന്നുതന്നെ തുടർന്നുപോന്നു. സഹോദരങ്ങളുടെ മക്കൾ തമ്മിലാണ് ഇവർ വിവാഹം ചെയ്യുന്നത്. ഇംഗ്ലീഷിൽ കൺസൻജീനിയസ് മാര്യേജ് എന്ന് വിളിക്കുന്ന ഈ സമ്പ്രദായമാണ് ഇവിടെ പിന്തുടർന്നു വരുന്നത്.
ഫാസിൽ തുടരുന്നു: ” രക്തസാംപിൾ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ബോധ്യമായി ഇവിടെ നടക്കുന്ന വിവാഹ ബന്ധം കൺസൻജീനിയസ് ആണെന്ന്. രക്തബന്ധത്തിൽ നിന്നുളള വിവാഹം. മാത്രമല്ല, ചെറിയ ഒരു ഘടകം പാരമ്പര്യവും ഉണ്ട്. ഹെറിഡിറ്ററികൂടി ഒരു കാരണമാണല്ലോ?. ഇതേതുടർന്ന് ഭിന്നശേഷിക്കാർക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കാനും അവരുടെ ഭാഷ പഠിക്കാനും ഞങ്ങൾ പല തരത്തിലുളള പ്രവർത്തനങ്ങൾ ആരംഭിച്ചു. അവരുടെ ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തതിനാൽ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്ന് എളുപ്പമാണ്. 2006 മുതലാണ് അത്തരം ശ്രമം തുടങ്ങിയത്. അതുവരെ വളരെ നിരാശയായിരുന്നു അവർക്കും രക്ഷകർത്താക്കൾക്കും.
പക്ഷെ, പൂർണമായും ഭിന്നശേഷിക്കാർ ജനിക്കുന്നത് തടയാൻ ഗർഭാവസ്ഥയിൽ നിന്ന് തന്നെ തിരിച്ചറിഞ്ഞു ഭ്രൂണഹത്യ ചെയ്യുകയേ മാർഗമുളളൂ. അതിനുളള ശ്രമത്തിലാണിപ്പോൾ. അതിന് മതവിധി വേണം. ഇവിടെ 100 ശതമാനവും മതവിധി അനുസരിച്ച് ജീവിക്കുന്നവരാണ്. ഇക്കാര്യം ഞങ്ങൾ മതനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഫത്വ (മതവിധി) കാത്തിരിക്കുകയാണ് ഞങ്ങൾ.”



