30
Sep 2025
Mon
30 Sep 2025 Mon
muslim league wayanad landslide rehabilitation

മുസ്ലിം ലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തിലാണ് നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികള്‍ സംബന്ധിക്കും. നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട പദ്ധതി പ്രദേശം വീട് നിര്‍മ്മാണത്തിന് സജ്ജമായിട്ടുണ്ടെന്നു ലീഗ് നേതാക്കള്‍ അറിയിച്ചു.

ALSO READ: വീണ്ടും ജീവനെടുത്ത് തലച്ചോര്‍ തിന്നുന്ന അമീബ; കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റുള്ള 105 വീടുകളാണ് ലീഗ് നിര്‍മിച്ച് നല്‍കുന്നത്. 3 ബെഡ്‌റൂമും അടുക്കളുയം ഹാളുമെല്ലാം ഉള്‍ക്കൊള്ളുന്ന വീടുകളുടെ നിര്‍മാണം എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വിവാദങ്ങള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മുസ്ലിം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് അര്‍ഹരെ കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു ലീഗ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് അടുക്കുമ്പോഴും ലീഗിന്റെ പ്രഖ്യാപനം എങ്ങുമെത്തിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ മനഃപൂര്‍വ്വം പദ്ധതിക്ക് തടയിടുകയാണെന്നായിരുന്നു മുസ്ലിം ലീഗ് പറഞ്ഞത്. നിയമനടപടികള്‍ക്കൊടുവിലാണ് പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് മുസ്ലിം ലീഗ് കടന്നിരിക്കുന്നത്.

മേപ്പാടി വെള്ളിത്തോടായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിനായി ലീഗ് പത്തര ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. സര്‍ക്കാര്‍ മാതൃകയില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീട് നിര്‍മിക്കുമെന്നായിരുന്നു ലീഗ് അറിയിച്ചിരുന്നത്. വീടുകള്‍ക്കൊപ്പം ഒരു കമ്മ്യൂണിറ്റി സെന്റര്‍ പാര്‍ക്ക് ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു.

പ്രധാന റോഡിനോട് ചേര്‍ന്നായിരുന്നു ഭവന സമുച്ചയം. വീടുകളിലേക്ക് റോഡ്, കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും ലീഗ് പറഞ്ഞിരുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ച് 105 ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെ പുനരധിവാസ പദ്ധതിക്ക് എതിരായി റവന്യു വകുപ്പിന്റെ നോട്ടീസ് വന്നു. ഇതോടെ ലീഗ് നേതൃത്വം നിയമനടപടി സ്വീകരിക്കുകയായിരുന്നു.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നു. വയനാട് പുനരധിവാസത്തിന്റെ പേരില്‍ ലീഗ് നേതാക്കള്‍ വ്യാപക സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു ജലീലിന്റെ ആരോപണം.

പൊതുജനങ്ങളില്‍ നിന്ന് നാല്‍പത് കോടിയോളം സ്വരൂപിച്ചുവെന്നും എന്നാല്‍ പുനരധിവാസം എങ്ങുമെത്തിയില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.