|
മുറാദാബാദ്: ഉത്തർപ്രദേശിൽ നിന്നുള്ള മുസ്ലിം വ്യവസായിയെ ട്രെയിനിൽ വിവസ്ത്രനാക്കി മർദ്ദിച്ചവശനാക്കിയ ശേഷം ജയ് ശ്രീറാം വിളിപ്പിച്ചു. കത്ഗർ സ്വദേശിയും പിച്ചള വ്യാപാരിയുമായ അസീം ഹുസൈന് ആണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽനിന്ന് മുറാബാദിലേക്കുള്ള പത്മാവദ് എക്‌സ്പ്രസിലാണ് സംഭവം.
ട്രെയിൻ ഹാപൂർ സ്റ്റേഷനിലെത്തിയപ്പോൾ എട്ടുപത്തുപേർ വണ്ടിയിൽ കയറിയെന്നും ഇവരാണ് ആക്രമിച്ചതെന്നും പൊലിസിൽ നൽകിയ പരാതിയിൽ അസീം ചൂണ്ടിക്കാട്ടി. ‘ഈ മുല്ല കള്ളനാണ്’ എന്നു പറഞ്ഞാണ് സംഘം ആക്രമണം തുടങ്ങിയത്. യാതൊരു പ്രകോപനവുമില്ലാതെ സംഘം വളയുകയും തൊപ്പിയും മറ്റ് വസ്ത്രവും വലിച്ചുകീറുകയും താടി പിടിച്ചുവലിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ അസഭ്യവർഷവും മർദനവും തുടർന്നു. ഇതിനിടെ ജയ ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ മുറാദാബാദിൽ ഇറക്കിവിട്ടതായും അസീം പരാതിയിൽ പറയുന്നു.
അർധനഗ്നനായി തറയിൽ കിടന്ന തനിക്ക് ട്രെയിനിലെ ചിലർ വസ്ത്രങ്ങൾ പുറത്തേക്ക് ഇട്ടുതന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെ മുൻ പരിചയമില്ലെന്നും ആ സമയത്ത് ട്രെയിനിലെ ഒരാളും രക്ഷയ്‌ക്കെത്തുകയോ അക്രമികളെ തടയാൻ ശ്രമിക്കുകയോ ചെയ്തില്ലെന്നും അസീം ആരോപിച്ചു.
പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും അസീമിനെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി വരികയാണെന്നും പൊലിസ് വക്താവ് ദേവി ദയാൽ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ ബറേലി സ്വദേശി സതീഷ് കുമാർ, പ്രതാപ് ഗഡ് സ്വദേശി സുരാജ് എന്നിവരെ അറസ്റ്റ്‌ചെയ്തു.
Muslim trader brutally beaten, stripped naked for not chanting Jai Shri Ram’ in Delhi-Moradabad express train



