പാട്‌ന: ബീഹാറില്‍ ശിവക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ച മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. (Muslim youth beaten to death for entering temple and drinking water in Bihar) ബീഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം.
|
മോഷ്ടാവെന്ന് ആരോപിച്ചാണ് 28 വയസുള്ള വസീം എന്ന യുവാവിനെ ഏഴ് പേരടങ്ങുന്ന ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വസീം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഡല്‍ഹിയില്‍ ജാലി ചെയ്തിരുന്ന വസീം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആക്രമണമുണ്ടായ ദിവസം ശിവക്ഷേത്രത്തിന് സമീപമായിരുന്നു വസീം ഉറങ്ങിയത്. രാത്രിയില്‍ ദാഹം തോന്നിയത് കാരണം വസീം ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു.
വെള്ളം കുടിക്കാന്‍ ഹാന്‍ഡ് പമ്പിനടുത്തേക്ക് ചെന്നപ്പോള്‍, വസീം ക്ഷേത്രത്തിലെ പണമോ വസ്തുക്കളോ മോഷ്ടിക്കാന്‍ എത്തിയതാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
ഏഴ് പേര്‍ ചേര്‍ന്ന് വസീമിനെ ക്ഷേത്രത്തിനുള്ളിലെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ട് ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ പൊലീസിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് വസീമിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. എന്നാല്‍, ആശുപത്രിയിലെത്തിക്കുന്നതിന് പകരം പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് കഠിനമായ വയറുവേദനയുണ്ടെന്ന് വസീം പറഞ്ഞതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കുകളാണ് മരണ കാരണം.
ഭാരമുള്ള വസ്തുക്കള്‍ കൊണ്ട് മര്‍ദിച്ചതിനെ തുടര്‍ന്നാണ് ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
ഉത്തര്‍പ്രദേശുകാരനായ വസീം മാതാപിതാക്കള്‍ മരിച്ചതിനുശേഷം, ഔറംഗാബാദിലെ മാലി മൊഹല്ല ജില്ലയിലാണ് താമസിച്ചിരുന്നത്. തമന്ന എന്ന യുവതിയെ വിവാഹം കഴിച്ച വസീമിന് അഞ്ച് വയസുള്ള കുഞ്ഞുമുണ്ട്.
സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. കേസില്‍ അടിയന്തരവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും വസീമിന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും നല്‍കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.


