ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മുസ്ലിം യുവാവിന് ക്രൂര മർദനം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിടിച്ചുകൊണ്ടുപോയി മൂന്ന് പേർ ചേർന്നാണ് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചത്. പ്രതികള്‍ യുവാവിന്‍റെ തല മൊട്ടയടിക്കുകയും നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിക്കുകയും
ചെയ്തു.
|
ജൂൺ 13നായിരുന്നു സംഭവം. ബുലന്ദ്ഷഹർ കാകോഡ് സ്വദേശി സാഹിലിനാണ് മർദനമേറ്റത്. വില്ലേജ് ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ മൂന്ന് യുവാക്കൾ വന്ന് ബലമായി തന്നെ ബൈക്കിൽ ഇരുത്തി, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്ന് സാഹിൽ പരാതിയിൽ പറയുന്നു. ഒരു മൊബൈൽ മോഷണത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചായിരുന്നു മർദനം. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും പ്രതികൾ തന്നെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും തല മൊട്ടയടിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് സാഹിൽ പറയുന്നു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് സാഹിൽ പൊലീസിനെ സമീപിച്ചത്. എന്നാല്‍ അവർ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാൻ വിസമ്മതിക്കുകയും പകരം തനിക്കെതിരെ മോഷണക്കുറ്റം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് യുവാവ് പറയുന്നു. പൊലീസ് ഭീഷണിപ്പെടുത്തുക മാത്രമല്ല പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്‌തതായി സാഹിലും കുടുംബവും ആരോപിക്കുന്നു. തുടർന്ന് ജൂൺ 17ന് കുടുംബം സിറ്റി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടിനെ സമീപിച്ചു. ആക്രമണത്തിന്റെ വീഡിയോയും പരാതിയിൽ ഉൾപ്പെടുത്തി. തുടര്‍ന്നാണ് കേസെടുത്തത്. തുടർന്ന് മൂന്ന് പ്രതികളിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ക്ക് ഇപ്പോഴും ഭീഷണിയുണ്ടെന്ന് പെയിന്‍റിങ് തൊഴിലാളിയായ സാഹിലിന്‍റെ മാതാപിതാക്കള്‍ പറയുന്നു.





