ഗുവാഹത്തി: വീണ്ടും മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രചരണവും വംശീയാധിക്ഷേപവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ. പച്ചക്കറി വിലക്കയറ്റത്തിന് കാരണം മുസ്ലിങ്ങളാണെന്നാണ് ഇത്തവണത്തെ വിദ്വേഷ പ്രചരണം. രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ (ബംഗാളി കുടിയേറ്റക്കാരെ വിശേഷിപ്പിക്കുന്നത്) മുസ്ലിങ്ങളാണെന്ന് ഹിമാന്ത ആക്ഷേപിച്ചു.
|
ഗ്രാമീണ മേഖലയിൽ പച്ചക്കറിവില കുറവാണ്. നഗര പ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരിൽ ഭൂരിഭാഗവും മിയ മുസ്ലിങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. അസംകാരിൽ നിന്ന് വൻ വിലയാണ് ഇവർ ഈടാക്കുന്നത്. ഗുവാഹത്തിയിലെല്ലാം തദ്ദേശീയ പച്ചക്കറി മാർക്കറ്റുകളുടെ നിയന്ത്രണം മിയകൾ പിടിച്ചടക്കിയിരിക്കുകയാണ്. അസം യുവാക്കളാണ് പച്ചക്കറി വിൽക്കുന്നതെങ്കിൽ നാട്ടുകാരിൽ നിന്ന് വില കൂട്ടി വാങ്ങില്ല- ഹിമാന്ത അവകാശപ്പെട്ടു.
അസം യുവാക്കൾ മുന്നോട്ടുവന്ന് പച്ചക്കറി വിപണിയുടെ നിയന്ത്രണം പിടിച്ചടക്കണമെന്നും ഹിമന്ത ആഹ്വാനം ചെയ്തു. അസം യുവാക്കൾ കടന്നുവന്നാൽ മിയ മുസ്ലിങ്ങളായ പച്ചക്കറി വ്യാപാരികളെ താൻ നഗരത്തിൽനിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. ‘കാബുകൾ മുതൽ ബസുകളിൽ വരെ ഭൂരിപക്ഷവും ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ പെരുന്നാളിന് ഗുവാഹത്തിലെ മിക്ക റോഡുകളും ഒഴിഞ്ഞുകിടന്നത് നമ്മൾ കണ്ടു. അവരെല്ലാം പെരുന്നാൾ ആഘോഷിക്കുകയായിരുന്നു. അതുകൊണ്ട് ആരും ജോലിക്കെത്തിയില്ല’- ഹിമാന്ത ബിശ്വശർമ ആക്ഷേപിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി ബ്രഹ്മപുത്ര തീരത്ത് താമസമാക്കിയ മുസ്ലിങ്ങളാണ് മിയകൾ. മുസ്ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന മിയാൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ‘മിയ’ വന്നതെന്ന അഭിപ്രായമുണ്ട്. പിൽക്കാലത്ത് വംശീയാധിക്ഷേപത്തിനായി മിയ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
നേരത്തെ, താൻ മുഖ്യമന്ത്രിയായ ശേഷം അസമിൽ 600 മദ്രസകൾ പൂട്ടിയെന്നും ഈ വർഷം 300 എണ്ണം കൂടി അടച്ചുപൂട്ടുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള ആളുകൾ അസമിൽ വന്ന് നമ്മുടെ നാഗരികതയ്ക്കും സംസ്കാരത്തിനും ഭീഷണി സൃഷ്ടിക്കുന്നു. ഞങ്ങൾക്ക് മദ്രസകൾ ആവശ്യമില്ലാത്തതിനാൽ സംസ്ഥാനത്തെ എല്ലാ മദ്രസകളും പൂട്ടാൻ ഞാൻ ഉദ്ദേശിക്കുന്നു. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും ഹിമന്ത ആവശ്യപ്പെട്ടിരുന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





