ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി നേതാക്കളുടെ കടുത്ത മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ തുടരുന്നു.(Muslims should not open shops in Hindu names: Union minister Giriraj Singh) കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ഗിരിരാജ് കിഷോറാണ് വിദ്വേഷ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഹിന്ദുപേരുകളില്‍ മുസ്‌ലിംകള്‍ കടകള്‍ തുറക്കരുതെന്നാണ് മന്ത്രി തിട്ടൂരമിറക്കിയിരിക്കുന്നത്. ഹിന്ദുക്കള്‍ ചമഞ്ഞ് ഉത്സവ കാലങ്ങളില്‍ ഹിന്ദു പേരുകളില്‍ മുസ്‌ലിംകള്‍ കടകള്‍ തുറക്കരുതെന്നും ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഗിരിരാജ് കിഷോര്‍ പറഞ്ഞു.
|
ഇത്തരത്തില്‍ കടകള്‍ക്ക് പേരിടുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടി എടുക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നാം മോദി സര്‍ക്കാറിലെ ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയായ ഗിരിരാജ് ബിഹാറിലെ ബേഗുസറായ് മണ്ഡലത്തില്‍നിന്നാണ് ലോക്‌സഭയിലെത്തിയത്. കേന്ദ്രമന്ത്രിയുടെ ഇത്തരത്തിലുള്ള വിദ്വേഷ പ്രസ്താവന രാജ്യത്തിന് തന്നെ നാണക്കേടെന്നും ജാതി കാര്‍ഡ് ജനം തള്ളിയെന്ന് ബി.ജെ.പി ഇനിയെങ്കിലും തിരിച്ചറിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
1947 മുന്‍ഗാമികളുടെ അബദ്ധം കാരണമാണ് മുസ്ലിംകള്‍ ഇന്ത്യയില്‍ ബാക്കിയായതെന്നും അന്ന് തന്നെ എല്ലാവരെയും പാകിസ്താനിലേക്ക് അയച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മുമ്പും വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ആളാണ് ഗിരിരാജ് സിങ്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തനിക്ക് മുസ്‌ലിംകള്‍ വോട്ടുചെയ്തിട്ടില്ലെന്ന് ഗിരിരാജ് സിങ് പറഞ്ഞത് വിവാദമായിരുന്നു. ഏപ്രില്‍ 19ന് ബെഗുസറായിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. ഇതിനെതിരേ സി.പി.ഐ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. നേരത്തേ മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗോദ്‌സെയെ പുകഴ്ത്തി പൊതുപരിപാടിയില്‍ പ്രസംഗിച്ചതിന് കോണ്‍ഗ്രസും ഗിരിരാജിനെതിരെ രംഗത്തെത്തിയിരുന്നു.
നിതീഷ് കുമാര്‍ സര്‍ക്കാറിലെ മുന്‍ മന്ത്രിയായിരുന്ന സിങ് 2014ല്‍ ഝാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞത് വിവാദമായിരുന്നു.





