26
Jun 2024
Wed
26 Jun 2024 Wed
MV Govindan clarifies election defeat of LDF with vote status

തിരുവനന്തപുരം: പാര്‍ട്ടിയുടെ അടിത്തറ ശക്തമായി നിലനില്‍ക്കുന്നുവെന്നും അടിസ്ഥാനപരമായ വോട്ട് നഷ്ടപ്പെട്ടിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘പാര്‍ട്ടിയെ സംബന്ധിച്ച് ഒരു പ്രതിസന്ധിയുമില്ല. അടിസ്ഥാനപരമായ വോട്ട് നഷ്ടപ്പെട്ടിട്ടില്ല. 47 ശതമാനം വോട്ടുണ്ടായിരുന്ന യുഡിഎഫിന് 42 ശതമാനമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. അഞ്ച് ശതമാനം കുറഞ്ഞു. 36 ശതമാനം വോട്ടുണ്ടായിരുന്ന തങ്ങള്‍ക്ക് ഒരു ശതമാനമേ ഇക്കുറി നഷ്ടമായിട്ടുള്ളൂ. അടിത്തറ ശക്തമായ നിലനില്‍ക്കുന്നുവെന്നാണ് അത് കാണിക്കുന്നതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

ബിജെപി ജയിക്കില്ലെന്ന് ഞാന്‍ പറഞ്ഞത് കറക്ടറാണ്. പക്ഷേ തൃശൂരില്‍ ബിജെപിയെ കോണ്‍ഗ്രസ് ജയിപ്പിച്ചിരിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞു. 86,000 വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. സുരേഷ് ഗോപി 74000 വോട്ടിനാണ് വിജയിച്ചത്. തങ്ങള്‍ക്കവിടെ ആറായിരത്തലിധം വോട്ടുകള്‍ കൂടുകയും ചെയ്തു.

പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും വരുത്തും. അതിനുള്ള പ്രയാസമില്ല. തിരുത്തി മുന്നോട്ട് പോകുക തന്നെ ചെയ്യും. വി ജോയിയുടേത് ജയിച്ച തോല്‍വിയാണ്. അത് തോറ്റതിന്റെ കൂട്ടത്തില്‍ കൂട്ടേണ്ടതില്ല. കഴിഞ്ഞ തവണത്തേത് പോലെ തങ്ങള്‍ തിരിച്ചുപിടിക്കും. മാധ്യമങ്ങളൊറ്റക്കെട്ടായി യുഡിഎഫിന്റെ ഘടകകക്ഷി ആയിരുന്നിട്ടും ഇത്രയേ കുറഞ്ഞിട്ടുള്ളൂ. പാര്‍ട്ടിയുടെ മുഖത്തിന് ഇപ്പോള്‍ ഒരു തകരാറുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫിന് ഇത്തവണ വിജയിക്കാനായത്. കഴിഞ്ഞതവണ വിജയിച്ച ആലപ്പുഴയിലാവട്ടെ ഇത്തവണ ഒരുഘട്ടത്തില്‍ പോലും ലീഡ് ചെയ്യാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫിന് കഴിഞ്ഞതുമില്ല. ആറ്റിങ്ങലില്‍ അവസാന നിമിഷം വരെ ഉദ്വേഗഭരിതമായ മല്‍സരമായിരുന്നു എല്‍ഡിഎഫിന്റെ വി ജോയിയും യുഡിഎഫിന്റെ അടൂര്‍ പ്രകാശും കാഴ്ചവച്ചത്. അവസാനനമിഷം വരെ ലീഡ് നില മാറിമറിഞ്ഞ മല്‍സരത്തിനൊടുവില്‍ 684 വോട്ടുകള്‍ക്കാണ് അടൂര്‍ പ്രകാശ് വിജയമുറപ്പിച്ചത്.