|
കോഴിക്കോട്: ആവിക്കല്‍തോട് മലിനജല പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികള്‍ എന്നു വിളിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പ്രതിഷേധം ശക്തമാകുന്നു. എം വി ഗോവിന്ദന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് സമസ്ത നേതാവും കോഴിക്കോട് ഖാസിയുമായ മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ ആവശ്യപ്പെട്ടു.
ആവിക്കല്‍തോടിലെ സാധാരണ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും അവിടെ മുസ്‌ലിം സമുദായമെന്ന വേര്‍തിരിവ് ഇല്ലെന്നും ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. മതത്തിന്റെ പേരിലല്ല അവിടെ സമരം നടക്കുന്നതെന്നും ആവിക്കല്‍തോട് സന്ദര്‍ശനത്തിനു പിന്നാലെ ഖാസി പ്രതികരിച്ചു.
വര്‍ഗീയ പരാമര്‍ശങ്ങള്‍ ഇനിയും നടത്തുകയാണെങ്കില്‍ സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമൂഹത്തെ മുഴുവന്‍ തീവ്രവാദികളാക്കി കാണുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ആവിക്കല്‍തോട് സമരം പരിഹരിക്കാന്‍ വഴിയില്ലാത്തതിനാല്‍ സര്‍ക്കാരിന് രക്ഷപ്പെടാനുള്ള ചെപ്പടിവിദ്യ മാത്രമാണ് തീവ്രവാദ ആരോപണമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് എ വി അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സലാം ഫൈസി മുക്കം, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ഹി ഹസൈനാര്‍, പി വി എം സലാം മൗലവി, സി പി ഇഖ്ബാര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നേരത്തെ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ തീവ്രവാദ പരാമര്‍ശം പാര്‍ട്ടി സെക്രട്ടറിയായപ്പോഴും എം വി ഗോവിന്ദന്‍ ആവര്‍ത്തിക്കുകയായിരുന്നു. വിഴിഞ്ഞത്ത് സമരം ചെയ്യുന്നവര്‍ തീവ്രവാദികളല്ലെന്നും എന്നാല്‍ ആവിക്കലില്‍ സമരം ചെയ്യുന്നത് തീവ്രവാദികളാണ് എന്നാണ് കഴിഞ്ഞദിവസം എം വി ഗോവിന്ദന്‍ പറഞ്ഞത്. ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാണ്.



