ഗോത്രാചാരം: 16 കാരിയെ വിവാഹം ചെയ്ത് നാഗാലാന്‍ഡ് യുവാവ്; കേരളത്തിലെത്തിയപ്പോള്‍ ഭര്‍ത്താവ് പോക്‌സോ കേസില്‍ ജയിലില്‍; പെണ്‍കുട്ടിക്ക് തുണയായി CWC
|
തിരുവനന്തപുരം: ഗോത്രാചാര പ്രകാരം 16 കാരിയെ വിവാഹം ചെയ്ത് നാഗാലാന്‍ഡ് സ്വദേശിയായ 26 കാരന്‍ ഭാര്യയെയും കൂട്ടി കേരളത്തിലെത്തിയപ്പോള്‍ പോക്‌സോ കേസില്‍ അകത്ത്. ഇതോടെ ഒറ്റപ്പെട്ട പെണ്‍കുട്ടിക്ക് തുണയായത് തിരുവനന്തപുരം ബാലാവകാശ കമ്മീഷന്‍ (സി.ഡബ്ല്യു.സി). നാഗാലാന്‍ഡിലെ ദിമാപുര്‍ സ്വദേശി ബിശ്വേശ്വര്‍ സിന്‍ഹ (26) ആണ് അറസ്റ്റിലായത്.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നാഗാലാന്‍ഡില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്താണ് ബിശ്വേശ്വര്‍ സിന്‍ഹ ജോലിചെയ്യുന്നത്. പിന്നീട് ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൂട്ടി ജോലിസ്ഥലത്ത് എത്തിയതായിരുന്നു ബിശ്വേശ്വര്‍ സിന്‍ഹ. ഈ സമയത്താണ് ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഇതോടെയാണ് പെണ്‍കുട്ടിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും ഒറ്റപ്പെട്ടത്. തനിച്ചായ പെണ്‍കുട്ടിയെയും കുഞ്ഞിനെയും തിരുവനന്തപുരം സി.ഡബ്ല്യു.സി ഗുവഹാട്ടിയിലേക്കുള്ള വിവേക് എക്‌സ്പ്രസില്‍ നാട്ടിലേക്ക് കയറ്റിവിട്ടു.
കഠിനംകുളത്ത് ഹോട്ടല്‍ ജീവനക്കാരനായിരുന്നു ബിശ്വേശ്വര്‍. വിവാഹംകഴിഞ്ഞെത്തിയശേഷം ഹോട്ടലിന് സമീപത്ത് ഒരു വീട് വാടകയ്‌ക്കെടുത്താണ് താമസിച്ചിരുന്നത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. സന്തോഷത്തോടെ ദിവസങ്ങള്‍ കടന്നുപോകുന്നതിനിടെ ആരോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് ഇവരെ തേടിയെത്തിയത്. ഭാര്യയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്നു കണ്ടെത്തി ബിശ്വേശ്വറിനെ അറസ്റ്റുചെയ്തു.
ഗര്‍ഭിണിയുടെ സംരക്ഷണം ജില്ലാ ബാലക്ഷേമ സമിതി ഏറ്റെടുത്തു. ഇതിനിടെ അവര്‍ പെണ്‍കുഞ്ഞിന് ജന്മംനല്‍കി. ഭര്‍ത്താവ് ജയിലിലായി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ആരും ജാമ്യത്തിലെടുക്കാനെത്തിയില്ല. രക്ഷിക്കാന്‍ വഴികളൊന്നും കാണാത്ത ആ പെണ്‍കുട്ടി ഒടുവില്‍ മകളെയുംകൂട്ടി നാഗാലാന്‍ഡിലേക്ക് മടങ്ങി. ഭര്‍ത്താവ് ഉടന്‍ വന്നുചേരുമെന്ന പ്രതീക്ഷമാത്രമാണ് അവര്‍ക്കുള്ള കൂട്ട്.
സി.ഡബ്ല്യു.സി നടത്തിയ അന്വേഷണത്തില്‍ ബിശ്വേശ്വര്‍ ഗോത്രാചാരപ്രകാരം പെണ്‍കുട്ടിയെ വിവാഹം ചെയ്തതാണെന്ന് നാഗാലാന്‍ഡ് സി.ഡബ്ല്യു.സി റിപ്പോര്‍ട്ട് നല്‍കി. ഇരുവരെയും കാണാതെ ബന്ധുക്കള്‍ ആശങ്കയിലാണെന്നും അറിയാന്‍കഴിഞ്ഞു. തുടര്‍ന്നാണ് അമ്മയെയും കുഞ്ഞിനെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
ബുധനാഴ്ച രണ്ടു വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും സാമൂഹികനീതി വകുപ്പിലെ ഫീല്‍ഡ് ജീവനക്കാരിക്കും ഒപ്പം ഇവരെ സ്വദേശത്തേക്ക് അയച്ചു. ജില്ലാ സി.ഡബ്ല്യു.സി. ചെയര്‍പേഴ്‌സണ്‍ ഷാനിബാ ബീഗം മുന്‍കൈയെടുത്ത് ബിശ്വേശ്വറിന് ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.





