പാസിങ് ഔട്ട് പരേഡിനു ശേഷം കപ്പല്‍ചാലില്‍ നീന്താനിറങ്ങിയ ടാന്‍സാനിയന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. വെണ്ടുരുത്തി കപ്പല്‍ച്ചാലില്‍ കാണാതായ ടാന്‍സാനിയന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ഇബ്രാഹിം സാലിഹി(22) ന്റെ മൃതദേഹം വെണ്ടുരുത്തി പാലത്തിനു സമീപം കായലില്‍ നിന്നാണ് കണ്ടെത്തിയത്. ടാന്‍സാനിയയിലേക്ക് മടങ്ങിപ്പോവുന്നതിന്റെ തലേന്നാണ് അപകടമരണം.
|
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വെണ്ടുരുത്തി പാലത്തില്‍നിന്നു ചാടിയ അബ്ദുല്‍ ഇബ്രാഹിം സാലിഹിനെ കാണാതാവുകയായിരുന്നു. ഏഴിമല നാവിക അക്കാദമിയില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കി പാസിങ് ഔട്ട് പരേഡിനു ശേഷം മറ്റുള്ളവര്‍ക്കൊപ്പം കൊച്ചിയില്‍ എത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍.
ഞായര്‍ വൈകീട്ടാണ് മറ്റ് നാവിക സേനാ കേഡറ്റുകള്‍ക്കൊപ്പം വെണ്ടുരുത്തി പാലത്തിലെത്തിയത്. ഇതിനിടെ യുവാവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയും നീന്തി കരയിലെത്തുകയും ചെയ്തു. രണ്ടാം വട്ടം ചാടിയപ്പോഴാണ് ഒഴുക്കില്‍പെട്ടത്. വെള്ളത്തില്‍ നിന്ന് അബ്ദുല്‍ ഇബ്രാഹിം സാലിഹ് ഉയര്‍ന്നുവരാതായതോടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ALSO READ: പുതുവൈപ്പിനില്‍ രണ്ട് യമനി വിദ്യാര്‍ഥികളെ കടലില്‍ കാണാതായി


