16
May 2024
Sat
16 May 2024 Sat
neet ug examination

2024ലെ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യു.ജി. നാളെ ഉച്ചയ്ക്ക് രണ്ടുമുതല്‍ 5.20 വരെ നടക്കും.  (NEET UG exam tomorrow; Students should note these things )
വിദ്യാര്‍ത്ഥികള്‍ പരീക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിരിക്കണം. ഇതിനായി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍, സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ്, അഡ്മിറ്റ് കാര്‍ഡ് എന്നിവയില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഡ്മിറ്റ് കാര്‍ഡ്

പരീക്ഷാര്‍ഥികള്‍ക്ക് അനുവദിച്ച പരീക്ഷാ സിറ്റി സംബന്ധിച്ച വിവരവും അഡ്മിറ്റ് കാര്‍ഡും exams.nta.ac.in/NEET/ ല്‍നിന്ന് ഡൗണ്‍ലോഡുചെയ്യാം. അഡ്മിറ്റ് കാര്‍ഡ് തപാലില്‍ അയക്കില്ല.

പരീക്ഷയ്ക്ക്, ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡ് ഉപയോഗിക്കാം. പരീക്ഷ കഴിഞ്ഞും അഡ്മിറ്റ് കാര്‍ഡ് സൂക്ഷിക്കണം. പ്രവേശനസമയത്ത് അത് വേണ്ടിവരും. അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കണം.

പരീക്ഷാകേന്ദ്രത്തില്‍ കൈവശംവെക്കാവുന്ന രേഖകള്‍

പരീക്ഷാകേന്ദ്രം പരിചയമില്ലെങ്കില്‍ മുന്‍കൂട്ടി കണ്ടെത്തി അവിടേക്കുള്ള വഴിയും യാത്രാ സമയവും മറ്റും മനസ്സിലാക്കി വെക്കണം.
പരീക്ഷാഹാളിലേക്കു കൊണ്ടുപോകാവുന്ന സാമഗ്രികള്‍ തലേദിവസം റെഡിയാക്കിവെക്കുക. പരീക്ഷാദിവസം, രാവിലെ 11 മണിയോടെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിയാല്‍ ടെന്‍ഷന്‍ ഒഴിവാക്കാം. അവശേഷിക്കുന്ന സമയത്ത്, അവസാനവട്ട റിവിഷന്‍ നടത്തുക. പരീക്ഷാദിവസം കൂട്ടുകാരെ കാണുമ്പോള്‍ പഠിച്ച ഭാഗങ്ങളും പഠിക്കാത്ത ഭാഗങ്ങളും ചര്‍ച്ച ചെയ്യാതിരിക്കുക.

1. പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലും (പേജ് 46) അഡ്മിറ്റ് കാര്‍ഡിലും രേഖപ്പെടുത്തിയിട്ടുള്ള സാമഗ്രികള്‍/രേഖകള്‍ മാത്രമേ കൈവശം ഉണ്ടാകാന്‍ പാടുള്ളൂ.

2. ഫോട്ടോ ഉള്ള സാധുവായ, ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ്: ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി., പാസ്‌പോര്‍ട്ട്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ അഡ്മിറ്റ് കാര്‍ഡ് (ഫോട്ടോ ഉള്ളത്), സര്‍ക്കാര്‍ നല്‍കിയ സാധുവായ മറ്റ് ഏതെങ്കിലും ഫോട്ടോ ഐ.ഡി. കാര്‍ഡ് തുടങ്ങിയവയിലൊന്നാകാം.

3. അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഫോട്ടോയുടെ ഒരു പകര്‍പ്പ് കൊണ്ടുപോകണം. ഇത് പരീക്ഷാഹാളില്‍ അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒട്ടിക്കാനാണ്.

4. അഡ്മിറ്റ് കാര്‍ഡ് വെബ് സൈറ്റില്‍നിന്നും ഡൗണ്‍ലോഡു ചെയ്‌തെടുക്കുമ്പോള്‍ അതിനൊപ്പം, സെല്‍ഫ് ഡിക്ലറേഷന്‍ (അണ്ടര്‍ടേക്കിങ്)കൂടി ഡൗണ്‍ലോഡു ചെയ്‌തെടുക്കണം. അതിന്റെ പ്രിന്റ് ഔട്ട് A4 വലുപ്പമുള്ള പേപ്പറില്‍ എടുക്കണം. അതില്‍ നിര്‍ദിഷ്ട സ്ഥാനത്ത് അപേക്ഷാര്‍ഥിയുടെ പോസ്റ്റ് കാര്‍ഡ് വലുപ്പത്തിലുള്ള (4′ ഃ 6′) ഫോട്ടോ ഒട്ടിച്ച് കൊണ്ടുപോകണം. പരീക്ഷാഹാളില്‍ അത് ഇന്‍വിജിലേറ്റര്‍ക്ക് കൈമാറണം.

5. ബാധകമായവര്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, സ്‌ക്രൈബ് സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടുപോകണം.

6. പേന, പരീക്ഷാ കേന്ദ്രത്തിലേക്ക് അനുവദിക്കുന്നതല്ല. പരീക്ഷാകേന്ദ്രത്തില്‍ നിന്ന് പേന നല്‍കും

5. വെള്ളം കുടിക്കാനായി ട്രാന്‍സ്‌പേരന്റ് വാട്ടര്‍ ബോട്ടില്‍ വേണമെങ്കില്‍ കൊണ്ടുപോകാം.

ഇവ അനുവദനീയമല്ല
neet examination frisking

1. എഴുതിയ/അച്ചടിച്ച ടെക്സ്റ്റ്, പേപ്പര്‍ തുണ്ടുകള്‍, ജ്യോമട്രി/പെന്‍സില്‍ ബോക്‌സ്, പ്ലാസ്റ്റിക് പൗച്ച്, കാല്‍ക്കുലേറ്റര്‍, പെന്‍, സ്‌കെയില്‍, റൈറ്റിങ് പാഡ്, പെന്‍ഡ്രൈവ്, ഇറേസര്‍, ലോഗരിതം ടേബിള്‍, ഇലക്ട്രോണിക് പെന്‍/സ്‌കാനര്‍, മൊബൈല്‍ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, വാലറ്റ്, ഗൂഗിള്‍സ്, ഹാന്‍ഡ് ബാഗ്, ബെല്‍റ്റ്, ക്യാപ്പ്, വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ്ലറ്റ്, ക്യാമറ, ഓണമെന്റ്‌സ്, മെറ്റാലിക് ഐറ്റംസ്, ആഹാരപദാര്‍ഥങ്ങള്‍ (തുറന്നതോ പാക്കറ്റിലുള്ളതോ), വാട്ടര്‍ ബോട്ടില്‍, മൈക്രോ ചിപ്, ക്യാമറ, ബ്ലൂ ടൂത്ത് ഡിവൈസ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു

2. വിശ്വാസവുമായി ബന്ധപ്പെട്ട (ആചാരപരമായോ/സാംസ്‌കാരികമായോ/മതപരമായോ) ആര്‍ട്ടിക്കിള്‍സ്/ഒബ്ജക്ട്സ് എന്നിവ ധരിച്ചിരിക്കുന്നവര്‍, അവസാന റിപ്പോര്‍ട്ടിങ് സമയത്തിനു രണ്ടു മണിക്കൂര്‍മുമ്പ് പരിശോധനയ്ക്ക് കേന്ദ്രത്തില്‍ ഹാജരാകണം.

ഒ.എം.ആര്‍. ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തല്‍
neet examination instructions

1. ഒ.എം.ആര്‍. ഷിറ്റിലെ പ്രതികരണങ്ങള്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വേര്‍ ഉപയോഗിച്ചാണ് മൂല്യനിര്‍ണയത്തിന് വിധേയമാക്കുന്നത്. അതിനാല്‍ ഷീറ്റ്, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ രേഖപ്പെടുത്തലുകള്‍ ഒന്നും അതില്‍ പാടില്ല.

2. ഒരിക്കല്‍ ഉത്തരം രേഖപ്പെടുത്തിയാല്‍ പിന്നീട് അത് മാറ്റാന്‍ കഴിയില്ല. അതിനാല്‍ ഓരോ ചോദ്യത്തിനു നേരേയുമുള്ള നാലു ചോയ്‌സുകളും മനസ്സിലാക്കി ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തി രേഖപ്പെടുത്തണം. ചില ചോദ്യങ്ങള്‍ ഒഴിവാക്കി ഉത്തരം നല്‍കുമ്പോള്‍ ശരിയായ ചോദ്യ നമ്പറിനു നേരേയാണ് ഉത്തരം രേഖപ്പെടുത്തുന്നതെന്ന് ഉറപ്പാക്കുക.

3. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ 45 വീതം ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ഓരോ വിഷയത്തിലും രണ്ട് ഭാഗങ്ങളിലായി 50 ചോദ്യങ്ങള്‍ ഉണ്ടാകും. പാര്‍ട്ട് എയില്‍ 35-ഉം, പാര്‍ട്ട് ബിയില്‍ 15-ഉം വീതം. പാര്‍ട്ട് എയില്‍ എല്ലാ ചോദ്യങ്ങളും നിര്‍ബന്ധമാണ്. അതിനാല്‍ ഈ 35 ചോദ്യങ്ങള്‍ മൊത്തത്തില്‍ ആദ്യം വായിച്ച് സമയം നഷ്ടപ്പെടുത്താതിരിക്കുന്നതാണുനല്ലത്.

4. ലളിതം, ശരാശരി, കഠിനം, അതികഠിനം എന്ന ക്രമത്തില്‍ നാലു റൗണ്ടുകളിലായി ഉത്തരം രേഖപ്പെടുത്തുന്ന രീതി ആകാം. പാര്‍ട്ട് ബി യില്‍ 15-ല്‍, 10 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതി. ഈ ഭാഗത്ത് ചോദ്യങ്ങള്‍ തമ്മില്‍ ചോയ്‌സ് ഉള്ളതിനാല്‍, ചോദ്യങ്ങള്‍ മൊത്തത്തില്‍ വായിച്ചു നോക്കണമെങ്കില്‍ ആകാം. പക്ഷേ, അധികംസമയം അതിനായി കളയരുത്. ഏതൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് എത്രയും വേഗം തീരുമാനിക്കുക. ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്. പത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഈ ഭാഗത്ത് ഉത്തരം നല്‍കിയാല്‍ ആദ്യത്തെ പത്ത് ഉത്തരങ്ങള്‍ മാത്രമേ മൂല്യനിര്‍ണയത്തിന് പരിഗണിക്കുകയുള്ളൂ.

5. തത്ത്വങ്ങളുമായും ആശയങ്ങളുമായും ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങള്‍, അവ ഉപയോഗിച്ച്, ക്രിയ ചെയ്ത് ഉത്തരം കണ്ടെത്തേണ്ടവ (കൂടുതലും ഫിസിക്‌സില്‍), സൂത്രവാക്യങ്ങള്‍, ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവ, ജോഡി കണ്ടെത്തല്‍ തുടങ്ങിയ രീതികളിലെ ചോദ്യങ്ങള്‍ എന്നിവയൊക്കെ പ്രതീക്ഷിക്കാം.

പരമാവധി മാര്‍ക്ക്

പരീക്ഷയില്‍ പരമാവധി മാര്‍ക്ക് വാങ്ങാന്‍ ശ്രമിക്കണം. ഒരു ശരിയുത്തരത്തിന് നാലുമാര്‍ക്ക് കിട്ടും. രേഖപ്പെടുത്തുന്ന ഉത്തരം തെറ്റാണെങ്കില്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. അതിനാല്‍, ഉത്തരം ഉറപ്പാണെങ്കില്‍മാത്രം രേഖപ്പെടുത്തുക.

റാങ്ക് നിര്‍ണയിക്കുന്നത് പരീക്ഷയില്‍ ലഭിക്കുന്ന സ്‌കോര്‍ പരിഗണിച്ചാണ്. 180 ചോദ്യങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി മാര്‍ക്കായ 720 മാര്‍ക്ക് മനസ്സില്‍ ലക്ഷ്യമിട്ടുവേണം പരീക്ഷ അഭിമുഖീകരിക്കേണ്ടത്. മുന്‍വര്‍ഷത്തെ മാര്‍ക്ക്/റാങ്ക് ബന്ധം അതേപടി ഈ വര്‍ഷം ആവര്‍ത്തിക്കണമെന്നില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

ഇഷ്ടവിഷയം ആദ്യം

ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം നല്‍കാം. അത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.

സമയം എങ്ങനെ ഉപയോഗിക്കണം

പരീക്ഷയ്ക്ക് 180 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. സമയം 200 മിനിറ്റും (12000 സെക്കന്‍ഡ്). അതായത് ഒരു ചോദ്യത്തിന്‍മേല്‍ ചെലവഴിക്കാവുന്ന ശരാശരി സമയം 66-നും 67-നും ഇടയ്ക്ക് സെക്കന്‍ഡുകള്‍. ചോദ്യം വായിച്ചു മനസ്സിലാക്കി ഓപ്ഷന്‍സ് പരിശോധിച്ച് ക്രിയ ചെയ്‌തോ അല്ലാതെയോ ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തി, പേന കൊണ്ട് ഒ.എം.ആര്‍. ഷീറ്റില്‍ രേഖപ്പെടുത്താനുള്ള സമയമാണിത്. ലളിതമായ ചോദ്യങ്ങള്‍ക്ക് ഈ സമയം വേണ്ടിവരില്ല. അവയില്‍ ഓരോന്നിലും ലാഭിക്കുന്ന സമയം, കൂടുതല്‍ സമയം ചെലവഴിച്ച് ഉത്തരം നല്‍കേണ്ട കഠിനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സഹായകരമാകും.

ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശരാശരി സമയത്തില്‍ കൂടുതല്‍ തുടക്കത്തില്‍ ചെലവഴിക്കാതിരിക്കുന്നതാണ് ഉചിതം. ഉത്തരം ലഭിക്കാന്‍ വൈകിയാല്‍ തത്കാലം അത് ഒഴിവാക്കി അടുത്ത ചോദ്യത്തിലേക്കു കടക്കുക. സമയം പിന്നീട് ലഭിക്കുന്ന പക്ഷം ഒഴിവാക്കിയ ചോദ്യത്തിലേക്ക് തിരികെവന്ന് ഉത്തരത്തിനു ശ്രമിക്കാം.

പരീക്ഷ കഴിഞ്ഞ്
after neet

പരീക്ഷ കഴിഞ്ഞ് വിവിധ സമയങ്ങളിലായി ഒ.എം.ആര്‍. ഷീറ്റിന്റെ സ്‌കാന്‍ ഇമേജ്, യന്ത്രം പിടിച്ചെടുത്ത റെസ്‌പോണ്‍സസ്, ഉത്തരസൂചികകള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുമ്പോള്‍ അത് പരിശോധിക്കുക. അതിന്‍മേല്‍ പരാതികള്‍ ഉണ്ടെങ്കില്‍ സമയപരിധിക്കകം നിശ്ചിത ഫീസ് അടച്ച് പരാതിപ്പെടാന്‍ ശ്രദ്ധിക്കുക. പരീക്ഷ സംബന്ധിച്ച് മൊബൈല്‍, ഇ-മെയില്‍ എന്നിവയിലേക്കു വരുന്ന സന്ദേശങ്ങള്‍, വെബ്സൈറ്റ് അറിയിപ്പുകള്‍ തുടങ്ങിയവയും ശ്രദ്ധിക്കുക.

പരീക്ഷാഹാളിലെ സമയക്രമം

പരീക്ഷാകേന്ദ്രം ഉച്ചയ്ക്ക് 12-ന് തുറക്കും. പരീക്ഷ രണ്ടിനാണ് ആരംഭിക്കുന്നതെങ്കിലും ഒന്നരമണിക്കുശേഷം പരീക്ഷാ കേന്ദ്രത്തില്‍ ആരെയും പ്രവേശിപ്പിക്കില്ല.

1. ഉച്ചയ്ക്ക് 1.15 മുതല്‍ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ച് അനുവദിച്ച സീറ്റില്‍ ഇരിക്കാം. നിര്‍ദേശങ്ങള്‍ നല്‍കല്‍, അഡ്മിറ്റ് കാര്‍ഡ് പരിശോധന എന്നിവ 1.30 മുതല്‍ 1.45 വരെയായിരിക്കും

2. ഇന്‍വിജിലേറ്റര്‍, ടെസ്റ്റ്ബുക്ക്ലെറ്റ്, 1.45-ന് വിതരണംചെയ്യും. 1.50-ന് ആവശ്യമായ വിവരങ്ങള്‍ ടെസ്റ്റ് ബുക്ക്െലറ്റില്‍ രേഖപ്പെടുത്താം.

3. പരീക്ഷ രണ്ടിന് തുടങ്ങും. ക്വസ്റ്റ്യന്‍ ബുക്ക്‌്െലറ്റില്‍ എല്ലാ പേജുകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. അപാകമുള്ള പക്ഷം അത് മാറ്റി ശരിയായ ചോദ്യ ലഘുപുസ്തകം വാങ്ങുക. പരീക്ഷാ സമയമായ മൂന്നു മണിക്കൂര്‍ 20 മിനിറ്റ് കഴിഞ്ഞേ പരീക്ഷാ ഹാള്‍ വിട്ടുപോകാന്‍ കഴിയൂ. അതിനാല്‍ പരീക്ഷാസമയം പൂര്‍ണമായും ഫലപ്രദമായും ഉപയോഗിക്കുക.