|
പത്തനംതിട്ട: നേപ്പാൾ വിമാനപകടത്തിൽ മരിച്ചവരിൽ പത്തനംതിട്ട ആനിക്കാട്ട് നിന്നുപോയ മൂന്ന് നേപ്പാൾ സ്വദേശികളും. ആനിക്കാട്ട് നിന്ന് മടങ്ങിപ്പോയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്. റാബിൽ ഹമൽ, അനിൽ ഷാഹി, രാജു ടക്കൂരി എന്നിവരാണ് ദുരന്തത്തിന് ഇരയായത്.
നേപ്പാളിൽ സുവിശേഷ പ്രവർത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് അഞ്ചംഗ സംഘം നേപ്പാളിൽ നിന്ന് കേരളത്തിൽ എത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംസ്‌കാര ചടങ്ങ്. ഇതിൽ മുഴുനീളം പങ്കെടുത്ത സംഘം നേപ്പാളിലുള്ള സ്വദേശത്തേയ്ക്ക് മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ടുപേർ അപകടത്തിന് തൊട്ടുമുൻപ് കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങിയത് മൂലം രക്ഷപ്പെട്ടു.
അതിനിടെ, നേപ്പാൾ വിമാനപകടത്തിൽ മരിച്ചവരുടെ എണ്ണം 68 ആയി. അഞ്ചു ഇന്ത്യക്കാർ അടക്കം 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ രണ്ടു പിഞ്ചുകുട്ടികളും ഉൾപ്പെടുന്നു.പൊഖാറ വിമാനത്താവളത്തിന് സമീപം 72 സീറ്റുള്ള യതി എയർലൈൻസ് വിമാനമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. നേപ്പാളിൽ നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യതി എയറിന്റെ 9 എൻ എഎൻസി എടിആർ 72 വിമാനമാണ് അപകടത്തിൽപ്പെട്ടത്.കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തെരച്ചിൽ തുടരുകയാണ്.
രാവിലെ 10.33 മണിയോടെയായിരുന്നു അപകടം. വിമാനം പൂർണമായി കത്തിയമർന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് പൊഖാറ വിമാനത്താവളം അടച്ചു. കത്തിയമർന്ന വിമാനത്തിൽ നിന്ന് തീ ഉയരുന്നത് കാരണം രക്ഷാപ്രവർത്തനം ദുഷ്‌കരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ. വിമാനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ദുഃഖം രേഖപ്പെടുത്തി



