രാഷ്ട്രീയ ലക്ഷ്യത്തോടെ നിര്‍മിച്ച സിനിമകളായ ഛാവ, കശ്മീര്‍ ഫയല്‍സ് പോലുള്ളവ താനൊരിക്കലുമെടുക്കില്ലെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. താന്‍ ഇടതനോ വലതനോ അല്ലെന്നും രാഷ്ട്രീയമില്ലാത്തയാളാണെന്നും താരം വ്യക്തമാക്കി.
|
ഛാവ അല്ലെങ്കില്‍ കശ്മീര്‍ ഫയല്‍സ് പോലുള്ള സിനിമകള്‍ എടുക്കുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ജോണ്‍ എബ്രഹാം. 2012ല്‍ ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു നേരെയുണ്ടായ ബോംബാക്രമണത്തെ ആസ്പദമാക്കി നിര്‍മിച്ച ടെഹ്‌റാന്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംവദിക്കുകയായിരുന്നു താരം.
വിക്കി കൗശാല്‍ അഭിനയിച്ച സംഭാജി മഹാരാജിന്റെ കഥ പറയുന്ന സിനിമയാണ് ഛാവ. മുഗള്‍ ഭരണകൂടത്തിനെതിരേ പോരാടുന്ന മറാത്ത ഭരണാധികാരിയായ സംഭാജി മഹാരാജിനെക്കുറിച്ച് പറയുന്ന സിനിമയായ ഛാവ 800 കോടിക്കടുത്ത് രൂപ തിയേറ്ററുകളില്‍ നിന്ന് നേടിയെങ്കിലും ചരിത്രത്തെ വികലമാക്കിയ സിനിമക്കെതിരേ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതേ അവസ്ഥ തന്നെയായിരുന്നു ദ കശ്മീര്‍ ഫയല്‍സിന്റേതും. മികച്ച ഫീച്ചര്‍ ഫിലിം ഇനത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം വരെ നല്‍കിയ ചിത്രം കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചാണ് സംസാരിക്കുന്നത്.


