20
Aug 2025
Fri
20 Aug 2025 Fri
New controversy in Congress over the new president of Youth Congrsse

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിട്ട് രാജിവച്ച പാലക്കാട്ടെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തിക്കും തിരക്കും. കേരളത്തിലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഓരോരുത്തരും തങ്ങളുടെ നോമിനിയായി യുവ നേതാക്കളുടെ പേര് മുമ്പോട്ട് വച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. തങ്ങളുടെ പ്രതിനിധികളെ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും നീക്കം തുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ച് പേരുകളാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, ഒ.ജെ ജനീഷ്, കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കോണ്‍ഗ്രസ് നേതാവ് ജെ.എസ് അഖില്‍ എന്നിവരുടെ പേരുകളാണ് പുതിയ അധ്യക്ഷനായി സജീവ പരിഗണനയിലുള്ളത്.

സംസ്ഥാന വൈസ് പ്രസിഡന്റ് പദവി വഹിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നുള്ള അബിന്‍ വര്‍ക്കിക്ക് സമുദായ സമവാക്യം പ്രതികൂല ഘടകമാണ്. കെപിസിസി പ്രസിഡന്റ്, കെ.എസ്.യു പ്രസിഡന്റ് എന്നിവര്‍ ക്രിസ്ത്യന്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നവവരാണ്. ഈ സാഹചര്യത്തില്‍ ഇനിയും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും മറ്റൊരു നേതാവ് പോഷക സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് വിമര്‍ശനത്തിന് ഇടയാക്കും.

ഷാഫി പറമ്പില്‍, വി.ഡി സതീശന്‍ എന്നിവരായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദേശിച്ചത്. അതിനാല്‍ ഇരുവരുടെയും അഭിപ്രായവും പരിഗണിക്കും.

എഐസിസി സംഘടനാ കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി അടുപ്പമുള്ള വ്യക്തികള്‍ എന്ന നിലയില്‍ ഒ.ജെ ജിനീഷ്, ബിനു ചുള്ളിയില്‍ എന്നിവര്‍ക്ക് സാധ്യതയേറുന്നു. കെഎം അഭിജിത്ത്, ജെ.എസ് അഖില്‍ നിലവിലുള്ള സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലെങ്കിലും ദേശീയ നേതൃത്വം അവരുടെ പേരുകളും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അന്തരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ നിര്‍ദേശിച്ച വ്യക്തിയാണ് ജെ.എസ് അഖില്‍. പുതിയ അധ്യക്ഷനെ നിയമിച്ച് സംഘടനയെ സമര സജ്ജമാക്കാനാണ് നീക്കം.

യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പടിയിറക്കത്തില്‍ എത്തിച്ചത്. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.

New controversy in Congress over the new president of Youth Congress

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക