ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. പൂജാ ചടങ്ങുകൾക്കായി രാവിലെ പാർലമെന്റിലെത്തിയ പ്രധാനമന്ത്രിയെ സ്പീക്കർ ഓം ബിർള സ്വീകരിച്ചു. തുടർന്ന് ഇരുവരും പൂജാ ചടങ്ങിൽ പങ്കെടുത്തു. പുരോഹിതരാണ് പ്രധാനമന്ത്രിക്കു ചെങ്കോൽ കൈമാറിയത്. ചെങ്കോലിനു മുന്നിൽ നമസ്‌കരിച്ച പ്രധാനമന്ത്രി ഇതുമായി സഭയ്ക്ക് അകത്തേക്ക് കടന്ന് സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിക്കുകയും ചെയ്തു. സന്യാസിമാർക്കൊപ്പമാണ് പ്രധാനമന്ത്രി ആദ്യം സഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചത്.
|
സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി അതിനുശേഷം ലോക്‌സഭയിൽ നിലവിളക്ക് തെളിയിച്ചു. പ്രധാനമന്ത്രിയും സ്പീക്കറുമാണ് തിരി തെളിയിച്ചത്. പിന്നാലെ ശിലാഫലകം മോദി അനാച്ഛാദനം ചെയ്യുകയും ചെയ്തു. ഇതേ വേദിയിൽ വെച്ച് പാർലമെൻറ് നിർമിച്ച തൊളിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. പൂജകളോടെ തുടങ്ങിയ ഉദ്ഘാടന ചടങ്ങിൽ സർവമത പ്രാർഥനയും നടന്നു. പാർലമെൻറ് ലോബിയിലായിരുന്നു സർവമത പ്രാർഥന.
12 മണിയോടെയാണ് പാർലമെൻറിനെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും പ്രസംഗങ്ങളും നടക്കുക. 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഇതിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി ആദ്യാവസാനം പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ രാഷ്ടപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങൾ ചടങ്ങിൽ വായിക്കും. ലോക്‌സഭാ സെക്രട്ടറി ജനറൽ നന്ദി പറയുന്നതോടെ ചടങ്ങ് സമാപിക്കും.





