27
Aug 2025
Sun
27 Aug 2025 Sun
dharmasthala mass burial

2000നും 2015നും ഇടയില്‍ സംഭവിച്ച അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ബെല്‍ത്തങ്ങാടി പോലീസ് നശിപ്പിച്ചതായി വെളിപ്പെടുത്തല്‍. കര്‍ണാടകയിലെ ധര്‍മസ്ഥലയിലുണ്ടായ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നിതിനിടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നിരവധി മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതായി ശൂചികരണ തൊഴിലാളി വെളിപ്പെടുത്തിയ അതേ കാലയളവാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവരാവകാശ പ്രവര്‍ത്തകന്‍ ജയന്ത് നല്‍കിയ അപേക്ഷയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഒരു പെണ്‍കുട്ടിയെ പട്ടിയെ പോലെ കുഴിച്ചിടുന്നതിന് താന്‍ നേരിട്ട് ദൃക്‌സാക്ഷിയായതായും ജയന്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാണാതായ വ്യക്തികളുടെ വിവരങ്ങളും ചിത്രങ്ങളുമാണ് വിവരാവകാശ നിയമപ്രകാരം ജയന്ത് ആവശ്യപ്പെട്ടത്. എന്നാല്‍, പോലീസിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. അത്തരം രേഖകളും കാണാതായവരെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍, വാള്‍ പോസ്റ്ററുകള്‍, നോട്ടീസുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയെല്ലാം നശിപ്പിച്ചുവെന്നായിരുന്നു പോലീസ് അറിയിച്ചത്. പതിവ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പ്രകാരമാണ് ഇത് ചെയ്തതെന്നാണ് പോലീസ് അവകാശവാദം.

ALSO READ: പാസ്റ്ററുടെ കാല്‍വെട്ടുമെന്ന ആര്‍എസ്എസ് ഭീഷണി; സ്വമേധയാ കേസെടുത്ത് ബത്തേരി പോലീസ്

ഈ സാഹചര്യത്തില്‍ കുഴിച്ച് പരിശോധിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് കിട്ടുന്ന തെളിവുകള്‍ എങ്ങിനെ ക്രോസ് മാച്ചിങ് നടത്തുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഇതിന് പിന്നാലെ ആഗസ്ത് 2ന് എസ്‌ഐടിക്ക് താന്‍ ഒരു പരാതി നല്‍കിയതായി ജയന്ത് പറഞ്ഞു. താന്‍ നേരിട്ട് കണ്ട ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അത്. 15 വര്‍ഷം മുമ്പായിരുന്നു സംഭം. 13നും 15നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തുകയോ യാതൊരു നിയമനടപടികളും സ്വീകരിക്കുകയോ ചെയ്യാതെ മൃതദേഹം പട്ടിയെ കുഴിച്ചിടുന്നതു പോലെ കുഴിച്ചിടുകയായിരുന്നു.

അന്നത്തെ ഭയത്തിന്റെ അന്തരീക്ഷത്തില്‍ ആരും പരാതി നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍, ഇപ്പോള്‍ അന്വേഷണം ഏറ്റെടുത്ത് വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എസ്‌ഐടി രംഗത്ത് വന്നതോടെയാണ് താന്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നതെന്നും ജയന്ത് അറിയിച്ചു.

അതേസമയം, ശനിയാഴ്ച്ച കുഴിച്ച് പരിശോധിച്ച 9, 10 സ്‌പോട്ടുകളില്‍ മനുഷ്യാവശിഷ്ടങ്ങളൊന്നും ലഭിച്ചില്ല. കനത്ത മഴയും മരങ്ങളുടെ വേരും കാരണം വളരെ പതുക്കെയാണ് പരിശോധന പുരോഗമിക്കുന്നത്.

‘എസ്‌ഐടി ഓഫീസര്‍ സാക്ഷിയെ ഭീഷണിപ്പെടുത്തി’
ദൂരൂഹ മരണങ്ങള്‍ക്കു സാക്ഷിയായ ആളെ ബെല്‍ത്തങ്ങാടി എസ്‌ഐടി ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി അഭിഭാഷകന്‍. ആഗസ്ത 1ന് ആണ് സംഭവമുണ്ടായത്. ദീര്‍ഘകാല തടവ് ഉള്‍പ്പെടെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നാണ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതെന്നും പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കമാണ് ഉദ്യോഗസ്ഥന്‍ നടത്തിയതെന്നും അഭിഭാഷക അനന്യ ഗൗഡ പറഞ്ഞു.

ഉദ്യോഗസ്ഥനെ എത്രയും പെട്ടെന്ന് അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.