വാഷിങ്ടണ്‍: അമേരിക്കയില്‍ ഭീതി പടര്‍ത്തി വീണ്ടും കാട്ടുതീ. (New wildfire near Los Angeles) ലോസ് ആഞ്ചല്‍സില്‍ 2 മണിക്കൂറില്‍ അയ്യായിരം ഏക്കറിലേക്ക് തീ പടര്‍ന്നു.
|
തീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ് അഗ്നി ശമന സേനാ വിഭാഗം. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.
ഏഴിടത്തായാണ് ലോസ് ആഞ്ചല്‍സില്‍ കാട്ടുതീ പടരുന്നത്. ഇതില്‍ രണ്ടിടത്തേത് വലിയ തീയാണ്. ഇവ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അമേരിക്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. കരയില്‍ നിന്നും ആകാശത്ത് നിന്നും തീകെടുത്താനുള്ള ശ്രമം ഒരു പോലെ പുരോഗമിക്കുകയാണ്.
കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. ലോസ് ആഞ്ചല്‍സിനെ വലിയ തോതില്‍ വിഴുങ്ങിയ കാട്ടുതീ എറെക്കുറെ ശമിച്ചു വരുന്നതിനിടെയാണ് പുതിയ അഗ്നിബാധ.
ലോസ് ആഞ്ചലസിന് കിഴക്ക് 14,021 ഏക്കര്‍ നേരത്തെ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ പടിഞ്ഞാറുള്ള പാലിസേഡ്‌സ് ഭാഗത്ത് 23,448 ഏക്കറും കത്തിനശിച്ചു.
റെഡ് ഫ്‌ലാഗ് മുന്നറിയിപ്പിനെ തുടര്‍ന്ന് ദക്ഷിണ കാലിഫോര്‍ണിയയില്‍ ഏകദേശം 1,000 അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളിലെ 700,000 ഏക്കര്‍ (2,800 ചതുരശ്ര കിലോമീറ്റര്‍) വരുന്ന പാര്‍ക്ക് സന്ദര്‍ശരെ പ്രവേശിപ്പിക്കാതെ അടച്ചെന്ന് ഏഞ്ചല്‍സ് നാഷണല്‍ ഫോറസ്റ്റ് അറിയിച്ചിട്ടുണ്ട്.
ജനുവരി 7ന് ലോസ് ആഞ്ചല്‍സിലെ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏതാണ്ട് വാഷിംഗ്ടണ്‍ ഡിസിയുടെ വലിപ്പമുള്ള പ്രദേശം കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. കാട്ടുതീയില്‍ 28 പേര്‍ കൊല്ലപ്പെടുകയും 16,000 ത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണ്ണമായി കത്തിനശിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ALSO WATCH


