ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ 22കാരിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോണിക നഗറാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുന്‍പാണ് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. മോണിക്കയുടെ പേരില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. ഇത് സ്വന്തമാക്കാനായി ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മകളെ കൊലപ്പെടുത്തിയെന്ന് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.
|
പ്രണയത്തിലായിരുന്ന മോണിക്കയും അനുജ് ചൗഹാനും കഴിഞ്ഞ ഫെബ്രുവരി 17-നാണ് കോടതിയില്‍ വെച്ച് വിവാഹിതരായത്. എന്നാല്‍ മൊണിക്കയെ ചതിയിലൂടെ വിവാഹത്തില്‍ കുടുക്കിയതാണെന്നും, അവളുടെ പേരിലുള്ള സ്വത്തുക്കള്‍ തങ്ങളുടെ പേരിലേക്ക് മാറ്റാന്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോള്‍ തന്നെ പീഡനം തുടങ്ങിയിരുന്നുവെന്ന് മോണിക്കയുടെ ബന്ധുവായ അനില്‍ പറഞ്ഞു. സ്വത്ത് കൈക്കലാക്കുക എന്നതായിരുന്നു വിവാഹത്തിന്റെ പിന്നിലെ ലക്ഷ്യം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മോണിക്ക വീട്ടുകാരെ വിളിച്ച് താന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയാണെന്നും, സ്വത്ത് എഴുതിക്കൊടുത്തില്ലെങ്കില്‍ അവര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും അറിയിച്ചിരുന്നു. ഇതറിഞ്ഞതോടെ അമ്മ മോണിക്കയുടെ അടുത്തേയ്ക്ക് പുറപ്പെട്ടു. ഏതാണ്ട് 8 മണിയോടെ അമ്മ അവര്‍ താമസിക്കുന്ന വീട്ടിലെത്തി. എന്നാല്‍ വീടിന് ചുറ്റും ആള്‍ക്കൂട്ടത്തെയാണ് കണ്ടത്. അതിനിടയിലൂടെ മോണിക്കയെ അനൂജ് കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഞങ്ങള്‍ അവരെ പിന്തുടര്‍ന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മോണിക്ക മരിച്ചിരുന്നു. തിരികെ പോകുകയായിരുന്ന അനൂജിന്റെ വാഹനം തടയാന്‍ അമ്മ ശ്രമിച്ചപ്പോള്‍ അവര്‍ അമ്മയെ ആക്രമിക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു” അനില്‍ പറഞ്ഞു.
സംഭവം ഉടന്‍ പൊലീസിനെ അറിയിച്ചെങ്കിലും, ഒരു മണിക്കൂറിന് ശേഷം മോണിക്കയുടെ മൃതദേഹം കത്തിച്ചതായും അവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിക്കുകയായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടികളുണ്ടാകുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മോണിക്കയുടെ കുടുംബം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അപേക്ഷ നല്‍കി. നീതി ലഭിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മൃതദേഹം ഏറ്റുവാങ്ങാതെ ധര്‍ണ്ണ ഇരിക്കുമെന്നും കുടുംബം മുന്നറിയിപ്പ് നല്‍കി.
വിവാഹത്തിന് മുന്‍പ് മൊണിക്ക വാടകവീട്ടില്‍ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തതായും പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായും ദാദ്രി പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.


