പാറശാല: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം എന്ന കോമള മേനോന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍മൂലം പാറശാല സരസ്വതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12.32നായിരുന്നു അന്ത്യം. 96 വയസ്സുണ്ട്.
|
മൃതദേഹം രാവിലെ 9 മുതല്‍ 11 വരെ നെയ്യാറ്റിന്‍കര ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ശേഷം സംസ്‌കാരം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി.കെ രാജ്‌മോഹന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 2.30ന് ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായാണ് വഴുതൂരിലെ വീട്ടില്‍ എത്തിച്ചത്. താരസംഘടനയായ അമ്മയില്‍ അംഗമാണ്.

നെയ്യാറ്റിന്‍കര മരുത്തൂര്‍ കോവിച്ചന്‍വിള രവി മന്ദിരത്തില്‍ പങ്കജാക്ഷ മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴു മക്കളില്‍ അഞ്ചാമത്തവളായാണ് കോമളത്തിന്റെ ജനനം. 1950ല്‍ ഇറങ്ങിയ ‘വനമാല’യാണ് ആദ്യ ചിത്രം. ‘ആത്മശാന്തി’യിലെ വേഷത്തിലൂടെ ശ്രദ്ധേയയായി.
‘മരുമകള്‍’ എന്ന മൂന്നാമത്തെ ചിത്രത്തിലാണ് പ്രേംനസീറിന്റെ ആദ്യ നായികയായത്. തുടര്‍ന്ന് ‘സന്ദേഹം’, ‘ന്യൂസ് പേപ്പര്‍ ബോയ്’ എന്നീ സിനിമകള്‍ക്കുശേഷം കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ് കാരണം 21ാം വയസില്‍ നാലുവര്‍ഷത്തെ അഭിനയജീവിതം അവസാനിപ്പിച്ചു. കുടുംബത്തിന്റെ എതിര്‍പ്പ് ഇല്ലായിരുന്നുവെങ്കില്‍ നൂറുകണക്കിന് ചിത്രങ്ങളില്‍ വേഷമിടേണ്ടിയിരുന്ന പ്രതിഭയായിരുന്നു കോമളം.
പില്‍ക്കാലത്ത് ‘ആരാധന’, ‘ആ പെണ്‍കുട്ടി നീ ആയിരുന്നെങ്കില്‍’ എന്നിവയില്‍ മുഖം കാണിച്ചു. ‘ന്യൂസ് പേപ്പര്‍ ബോയി’യില്‍ അഭിനയിച്ചതോടെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രത്തിലെ നായികയെന്ന വിശേഷണവും കോമളത്തിനു കിട്ടി.
ഭര്‍ത്താവ് എം. ചന്ദ്രശേഖരമേനോന്‍ 40 വര്‍ഷം മുമ്പ് മരിച്ചു.
മക്കളില്ല. സഹോദരന്‍ രവീന്ദ്രനാഥിന്റെ കുടുംബത്തോടൊപ്പം നെയ്യാറ്റിന്‍കര വഴുതൂരില്‍ താമസിച്ചുവരിയായിരുന്നു.
Neyyatinkara Komalam, the first female lead of Premnasir, passed away


