എറണാകുളം: പാലക്കാട് സ്വകാര്യ ഫിനാന്‍സ് കമ്പനിയുടെ കലക്ഷന്‍ ഏജന്റില്‍ നിന്ന് 30 ലക്ഷം രൂപ കവര്‍ന്നതിന് പിന്നില്‍ ഐഎസ്‌ഐസ് ബന്ധമുള്ള സംഘമെന്ന് എന്‍ഐഎ റിപോര്‍ട്ട്. (NIA claims IS connection behind Palakkad robbery of Rs 30 lakh) കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഈ പരാമര്‍ശം. തൃശൂര്‍ സ്വദേശികളായ എം കെ ആശിഫ്, ശിയാസ് ടി എസ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്ക് മറുപടിയായി സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇവര്‍ക്ക് ഐസിസ് ബന്ധമുണ്ടെന്ന എന്‍ഐഎ ആരോപണം.
|
ജാമ്യാപേക്ഷ തള്ളിയ എന്‍ഐഎ കോടതി വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു. 2023 ജൂലൈയിലാണ് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഐസിസ് ബന്ധമുള്ള ഗ്രൂപ്പുകള്‍ സജീവമാണെന്ന വിവരം ലഭിച്ചതെന്ന് എന്‍ഐഎ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശിഫ്, ശിയാസ്, സെയ്ദ് നബീല്‍ അഹമ്മദ്, റഈസ് പിഎ, സഹീര്‍ ഇ പി എന്നിവര്‍ അറസ്റ്റിലയാത്.
ആശിഫും സയിദും നേരത്തേ ഖത്തറിലായിരുന്നുവെന്നും അവിടെ വച്ച് സിറിയയിലും അഫ്ഗാനിസ്താനിലുമുള്ള ഐസിസ് സംഘത്തോടൊപ്പം ഇവര്‍ ചേരാന്‍ ശ്രമിച്ചിരുന്നുവെന്നും എന്‍ഐഎ ആരോപിക്കുന്നു. എന്നാല്‍, പല തടസ്സങ്ങളും കാരണം അതിന് സാധിച്ചില്ല.
പിന്നീട് കേരളത്തില്‍ തിരിച്ചെത്തിയ ഇവര്‍ ഇവിടെ ഐസിസിന്റെ ഗ്രൂപ്പ് രൂപീകരിക്കുന്നതിന് തീരുമാനിക്കുകയും മൂന്നാം പ്രതിയായ ശിയാസിനെ ഒപ്പം ചേര്‍ക്കുകയും ചെയ്തു. നാലാം പ്രതി റഈസിനെ ചേര്‍ക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.
കേരളത്തില്‍ ഐസിസ് പ്രവര്‍ത്തനം സജീവമാക്കാന്‍ ടെലഗ്രാമില്‍ പെറ്റ് ലൊവേഴ്‌സ് എന്ന പേരില്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചിരുന്നുവെന്നും എന്‍ഐഎ റിപോര്‍ട്ടില്‍ പറയുന്നു.
അവിശ്വാസികളില്‍ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് ‘ഹിജ്‌റ’ പോവുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും പ്രമുഖ വ്യക്തികളെയും ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിയതായും തെളിവുകളുണ്ടെന്ന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നു. ഒടുവിലാണ് 2023 ഏപ്രില്‍ 20ന് ഇന്‍ഡല്‍ മണിയില്‍ കലക്ഷന്‍ ഏജന്റായ പ്രശാന്തിനെ അക്രമിച്ച് 30 ലക്ഷം കവര്‍ന്നതെന്നും ഉത്തരവിലുണ്ട്.


