മൈസൂരു: എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കര്‍ണാടകയില്‍ 73 വയസ്സുകാരിയില്‍ 37.82 ലക്ഷം രൂപ തട്ടി. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പ്.
|
മൈസൂരുവിലെ ജെ പി നഗര്‍ സ്വദേശി കമല(യഥാര്‍ത്ഥ പേരല്ല)യ്ക്ക് ജൂലൈ 12ന് ലഭിച്ച ഒരു വാട്‌സാപ്പ് സന്ദേശത്തില്‍ നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് ഒരു വീഡിയോ കോള്‍ ലഭിച്ചു. മുംബൈയിലെ എന്‍ഐഎ ഉദ്യോഗസ്ഥന്‍ എന്നാണ് പരിചയപ്പെടുത്തിയത്. എന്‍ഐഎ യൂണിഫോം ധരിച്ചാണ് തട്ടിപ്പുകാരന്‍ പ്രത്യക്ഷപ്പെട്ടത്. യഥാര്‍ത്ഥ ഉദ്യോഗസ്ഥനാണെന്ന് കരുതി, ഇയാളുടെ ആവശ്യപ്രകാരം ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും കമല കൈമാറി.
ALSO READ: പോപ്പുലര്‍ ഫ്രണ്ട് സെമിനാറിലോ കായിക പരിശീലനത്തിലോ പങ്കെടുക്കുന്നത് ഭീകരപ്രവര്‍ത്തനമല്ലെന്ന് കോടതി
കമലയുടെ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ആയി 2.5 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് തട്ടിപ്പുകാര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമലയ്‌ക്കെതിരേ അറസ്റ്റ് വാറന്റ് ഉണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇത് കേട്ട് ഭയന്ന കമലയോട് ബാങ്കിലുള്ള മുഴുവന്‍ പണവും തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറാന്‍ നിര്‍ദേശിച്ചു. അന്വേഷണത്തിന് ശേഷം പണം തിരിച്ചുനല്‍കുമെന്നായിരുന്നു അറിയിച്ചത്.
ഇത് വിശ്വസിച്ച കമല ജുലൈ 15, 19, 24, 25 തിയ്യതികളിലായി 37.82 ലക്ഷം രൂപ അയച്ചു കൊടുത്തു. ഒടുവിലാണ് സംഭവം തട്ടിപ്പാണെന്ന് മനസ്സിലായത്. തുടര്‍ന്ന് നഗരത്തിലെ സൈബര്‍, എക്കണോമിക്, നാര്‍കോട്ടിക് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.


