23
Jun 2025
Thu
23 Jun 2025 Thu
nilambur by election polling

മലപ്പുറം: വാശിയേറിയ പഞ്ചകോണ മല്‍സരം നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. (Nilambur by election polling updates live) നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളില്‍ മോക്ക് പോള്‍ നടന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. നേരിയ മഴ മണ്ഡലത്തിലുണ്ടെങ്കിലും അതൊന്നും വോട്ടര്‍മാരെ ബാധിച്ചിട്ടില്ല.

വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറായി. ചില വോട്ടര്‍മാര്‍ മടങ്ങിപ്പോയി. ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും നിലമ്പൂര്‍ മണ്ഡലത്തില്‍ പോളിങ് 6 ശതമാനം പിന്നിട്ടു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും വീട്ടിക്കുത്ത് എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. യുഡിഎഫിന്റെ വോട്ടില്‍ വിള്ളല്‍ വീഴ്ത്താന്‍ മറ്റു സ്ഥാനാര്‍ഥികള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ”ഇറാനികള്‍ കീഴടങ്ങുന്നവരല്ല; ചരിത്രമറിയുന്നവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തില്ല”

നിലമ്പൂരിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി 202-ാം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. അച്ഛന്‍ മുരളീധരന്‍ നായര്‍ക്കൊപ്പം എത്തിയാണ് എം സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എം.സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം.സ്വരാജ് മാധ്യങ്ങളോടു പറഞ്ഞു.

യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവും രാജ്യസഭാ എം പിയുമായ പി വി അബ്ദുള്‍ വഹാബ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടിംഗ് മെഷീന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ട വഴിക്കടവ് പഞ്ചായത്തിലെ മൂന്ന് ബൂത്തുകളില്‍ പോളിംഗ് ആരംഭിച്ചു. പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. 2, 22, 35 പോളിംഗ് ബൂത്തുകളിലായിരുന്നു യന്ത്ര തകരാര്‍.

കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടര്‍മാരാണ് ഇന്ന് നിലമ്പൂരിന്റെ വിധിയെഴുതുക. വോട്ടര്‍മാരില്‍ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാന്‍സ് ജെന്‍ഡര്‍മാരുമുണ്ട്. 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്.

ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ് വോട്ടെണ്ണല്‍.

2026 നിയമഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലയിലാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ മത്സരരംഗത്ത് ഇറക്കിയതോടെയാണ് നിലമ്പൂരില്‍ മത്സരം പ്രവചനാതീതമായ സ്വഭാവത്തിലേയ്ക്ക് മാറിയത്.

ആദ്യഘട്ടത്തില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന പി വി അന്‍വര്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മത്സരിക്കാന്‍ ഇറങ്ങിയതോടെ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടം കൂടുതല്‍ ആവേശകരമായി. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി സാദിഖ് നടുത്തൊടി തുടക്കം മുതല്‍ തന്നെ പ്രചാരണ രംഗത്ത് സജീവമായിരുന്നു.

നിലമ്പൂരില്‍ മത്സരിച്ചേക്കില്ലെന്ന ആദ്യഘട്ടത്തില്‍ സൂചന നല്‍കിയ ബിജെപി കൂടി മത്സരരംഗത്തേയ്ക്ക് വന്നതോടെ പഞ്ചകോണ മത്സരത്തിന്റെ പ്രതീതി കൂടി നിലമ്പൂരില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടിലേറെ നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ തന്നെ യുഡിഎഫ് രംഗത്തിറക്കിയത് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തെ അവഗണിച്ചായിരുന്നു യുഡിഎഫ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. മോഹന്‍ ജോര്‍ജ്ജിനെയാണ് രംഗത്തിറക്കിയത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10 പേരാണ് മത്സരരംഗത്തുള്ളത്. 14 പേരായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചത്. ഇതില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന്റെ അപരനുള്‍പ്പടെയുള്ള നാല് പേര്‍ പത്രിക പിന്‍വലിച്ചിരുന്നു.

മൂന്നാംവട്ടവും അധികാരത്തില്‍ എത്തുമെന്ന പ്രതീതി ഇടതുമുന്നണി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിലമ്പൂരിലെ പോരാട്ടം പ്രതിപക്ഷത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും പിണറായിസത്തിനെതിരെ നിലമ്പൂര്‍ വിധിയെഴുതുമെന്ന വിവരണവും ജനങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്ന് തെളിയിക്കാന്‍ നിലമ്പൂരില്‍ വിജയിക്കേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ചും പ്രധാനമാണ്.

മലയോര കര്‍ഷകരുടെ നിലപാടും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളും ആര്‍ക്കൊപ്പം എന്നതുമാകും നിലമ്പൂരില്‍ നിര്‍ണ്ണായകമാകുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ വോട്ടുബാങ്കുകളുടെ പരമ്പരാഗത സ്വഭാവത്തില്‍ വിള്ളല്‍ വീഴുമോ എന്നത് ഇടത്-വലത് മുന്നണികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. പി വി അന്‍വറും, ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ്ജും ലക്ഷ്യമിടുന്നത് പ്രധാനമായും ഈ വോട്ടുബാങ്കുകളിലാണ്.

മെയ് 25നായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 23ന് ആണ് വോട്ടെണ്ണല്‍.