17
Jun 2025
Thu
17 Jun 2025 Thu
Donald Trump and Ali Khamanei

തെഹ്റാന്‍: സമ്പൂര്‍ണമായി കീഴടങ്ങണമെന്ന ഭീഷണിയുമായി
എത്തിയ അമേരിക്കയ്ക്ക് ഉറച്ച ശബ്ദത്തില്‍ മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. (“Iranians are not surrenderers; those who know history will not threaten us.”-Ali Khamenei ) അമേരിക്ക ഇടപെട്ടാല്‍ അവര്‍ക്ക് പരിഹരിക്കാന്‍ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് ഖാംനഇ പറഞ്ഞു. ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് ഖാംനഇ ലോകത്തെ അഭിസംബോധന ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനികള്‍ കീഴടങ്ങുന്നവരല്ലെന്നും അതറിയാവുന്നര്‍ തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും ഖാംനഇ മറുപടി നല്‍കി. ‘ഇറാനെയും അവിടുത്തെ മനുഷ്യരെയും ഇറാന്റെ ചരിത്രവും അറിയാവുന്നവര്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കില്ല. കാരണം ഇറാനികള്‍ കീഴടങ്ങുന്നവരല്ല’, ഖാംനഇ വ്യക്തമാക്കി. അടിച്ചേല്‍പ്പിക്കപ്പെട്ട സമാധാനത്തിനെതിരെ നില്‍ക്കുന്നത് പോലെ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധത്തിനെതിരെയും ഇറാന്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇറാന്‍ മിസൈലാക്രമണം; ഇസ്രായേലിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണ ഫലങ്ങള്‍ ചാരമായി

ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അവകാശപ്പെടുന്നത്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഖാംനഇയെയും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ‘പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല’, എന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാല്‍, തന്റെ ജീവന് വലിയ വില കല്‍പ്പിക്കുന്നില്ലെന്നും രാജ്യത്തിന്റെ അഭിമാനമാണ് പ്രധാനമെന്നും ഖാംനഇ ഇതിന് മറുപടി നല്‍കി.

അതേസമയം, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നേരിട്ട് ഇടപെടുന്ന കാര്യം പരിഗണനയിലാണെന്ന് ട്രംപ് പറഞ്ഞു.

ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ത്തെന്ന് ഇസ്രായേല്‍
തെഹ്‌റാനിലെ ഇറാന്‍ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. തെഹ്‌റാനിലും ഇറാന്റെ മറ്റ് ഭാഗങ്ങളിലും പുതിയ ആക്രമണ പരമ്പരയ്ക്ക് തുടക്കമിട്ടതായി ഇസ്രായേല്‍ വ്യമോസേന അറിയിച്ചു.

അതേസമയം, ഇറാന്‍ ഇന്നലെ രാത്രിയും ഇസ്രായേലിലേക്ക് മിസൈലുകള്‍ തൊടുത്തു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 240 ആയി ഉയര്‍ന്നു. ഇതില്‍ 70 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. അതേസമയം, ഇസ്രായേലില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടു.